അന്തർദേശീയം

ചന്ദ്രനെ ചുറ്റി ഓറിയോൺ; 54 വർഷങ്ങൾക്കു ശേഷം ചന്ദ്രന്റെ മറുപുറവും കണ്ട് മനുഷ്യർ

വാഷിങ്ടൺ ഡിസി : 54 വർഷങ്ങൾക്കു ശേഷം ചന്ദ്രന്റെ മറുപുറവും കണ്ട് മനുഷ്യർ. ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്യുന്നവരെന്ന ചരിത്രമെഴുതി ആർട്ടെമിസ് സംഘം. ചന്ദ്രനെ ചുറ്റിയ ഓറിയോൺ ബഹിരാകാശ പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചു. ഭൂമിയിൽ നിന്നു ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡും ആർട്ടെമിസ് ദൗത്യത്തിന്റെ ഭാ​ഗമായ യാത്രികർ സ്വന്തമാക്കി.

ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.32നാണ് ഓറിയോൺ ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിയത്. ഭൂമിയിൽ നിന്നു 4,06,771 കിലോമീറ്റർ അകലെ വരെ സംഘമെത്തി. അപ്പോളോ 13 സംഘം 1970 ഏപ്രിൽ 14നു സ്ഥാപിച്ച റെക്കോർഡാണ് ആർട്ടെമിസ് സംഘം മറികടന്നത്. അന്ന് താണ്ടിയ ദൂരത്തേക്കാൾ 6,602 കിലോമീറ്റർ അധിക ദൂരം ആർട്ടെമിസ് സംഘം പിന്നിട്ടു.

ചന്ദ്രന്റെ ഏറ്റവും അടുത്തെത്തിയതിനു പിന്നാലെ ക്രിസ്റ്റീന കുക്ക് ഭൂമിയിലേക്ക് ആദ്യ സന്ദേശമയച്ചു. പേടകം ചന്ദ്രന്റെ ​ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചത് ഇന്നാണ്.

1972നു ശേഷം ഇതാദ്യമായാണ് മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ​ഗുരുത്വാകർഷണ സ്വാധീന മേഖലയിൽ എത്തിയത്. തുടർന്നു ദൗത്യസംഘം ചന്ദ്രനേയും ഭൂമിയേയും നോക്കിക്കണ്ടു. ഓറിയോൺ ചന്ദ്രന്റെ പിന്നിലേക്ക് പോയതിനാൽ 40 മിനിറ്റോളം പേടകവും ഭൂമിയും തമ്മിൽ ബന്ധമുണ്ടായില്ല. ചന്ദ്രന്റെ അപ്പുറത്തു നിന്നു ഉദയവും അസ്തമയവും സംഘം കണ്ടു.

ഓറിയോൺ ബഹിരാകാശ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് എത്തിക്കുന്നതിൽ നിർണായകമായ ഔട്ട്ബൗണ്ട് കറക്ഷൻ ബേൺ ഞായറാഴ്ച അർദ്ധ രാത്രിയോടെ പൂർത്തിയാക്കിയിരുന്നു. അമേരിക്കൻ സമയം രാത്രി 11:03 ന് ആരംഭിച്ച നടപടി 17.5 സെക്കൻഡ് നീണ്ടുനിന്നു. തിങ്കളാഴ്ച പുലർച്ചെ 12:41 ന് പേടകം ചന്ദ്രന്റെ സ്വാധീന മേഖലയിലേക്ക് പ്രവേശിച്ചു.

ബഹിരാകാശം താണ്ടി ചന്ദ്രനെ വലം വച്ച് മടങ്ങാൻ യാത്ര തിരിച്ച ആർട്ടെമിസ് 2 ദൗത്യം അര നൂറ്റാണ്ടിന് ശേഷം ചന്ദ്രന് ഏറ്റവും സമീപത്ത് മനുഷ്യരെ എത്തിക്കും വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ദൗത്യത്തിന്റെ ഏഴാം ദിനം പകുതി പിന്നിടുമ്പോൾ സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്ക യാത്രയ്ക്കു തുടക്കമാകും. എട്ടാം നാൾ പേടകത്തെ വീണ്ടും പൈലറ്റിനെ നിയന്ത്രണത്തിലാക്കും. ഒൻപതാം നാൾ തിരിച്ചറിക്കത്തിനുള്ള തയ്യാറെടുപ്പ്. പത്താം നാൾ ഓറിയോൺ ഭൂമിയിലേക്ക് തിരിച്ചെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button