അന്തർദേശീയംടെക്നോളജി

എല്ലാ ദിവസവും ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് ഏകാന്തത വര്‍ധിപ്പിക്കുമെന്ന് പഠനം

എല്ലാ ദിവസവും ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് ഏകാന്തത വര്‍ധിപ്പിക്കുമെന്ന് പഠനം. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് ഓപ്പണ്‍എഐ നടത്തിയ പുതിയ ഗവേഷണമനുസരിച്ച് ChatGPT പോലുള്ള ചാറ്റ്‌ബോട്ടുകളുടെ ഉപയോഗം വര്‍ധിക്കുന്നത് ഏകാന്തതയ്ക്കും മറ്റുള്ളവരുമായി ഇടപഴകാന്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നതിനും കാരണമാകുമെന്ന് കണ്ടെത്തി.

2022 അവസാനത്തോടെയാണ് ചാറ്റ് ജിപിടി ആരംഭിക്കുന്നത്. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി. ചാറ്റ്ജിപിടിയില്‍ കഥയും കവിതയും ലേഖനങ്ങളും മുതല്‍ മറ്റു നിരവധി വിവരങ്ങള്‍ ലഭിക്കും. ഗൂഗിള്‍ സേര്‍ച്ചില്‍ ചില ലിങ്കുകളാണ് ലഭിക്കുന്നതെങ്കില്‍ ചാറ്റ്ജിപിടിയില്‍ കൃത്യമായ നേരിട്ടുള്ള വിവരങ്ങളാണ് ലഭിക്കുക. ചാറ്റ്ജിപിടി അടിസ്ഥാനമാക്കിയാണ് മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് എന്‍ജിന്‍ ബിങ്ങും പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ കുറച്ച് മാസങ്ങളായി ചാറ്റ് ജിപിടിയുടെയും മറ്റ് ചാറ്റ്‌ബോട്ടുകളുടെയും ദോഷങ്ങളെക്കുറിച്ചും പ്രായം കുറഞ്ഞ ഉപയോക്താക്കളിലുണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നുവരുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ആത്മഹത്യാ ചിന്തകളെ പ്രോത്സാഹിപ്പിച്ചതായി ആരോപിച്ച് ക്യാരക്ടര്‍ ടെക്‌നോളജീസ് ഇന്‍കോര്‍പ്പറേറ്റഡിനെതിരെ കഴിഞ്ഞ വര്‍ഷം കേസെടുത്തിരുന്നു. 14 വയസുള്ള ഒരു കുട്ടിയുടെ ആത്മഹത്യക്കും ഇത് കാരണമായി.

പഠനങ്ങള്‍ നടത്തുന്നതിനായി ഗവേഷകര്‍ ഒരു മാസത്തേക്ക് ഏകദേശം 1000 പേരെ പിന്തുടര്‍ന്നു. മനുഷ്യബന്ധങ്ങളില്‍ കൂടുതല്‍ വൈകാരികമായി അടുപ്പം പുലര്‍ത്തുന്നവരും ചാറ്റ്‌ബോട്ടിനെ കൂടുതല്‍ വിശ്വസിക്കുന്നവരുമായ ആളുകള്‍ക്ക് കൂടുതല്‍ ഏകാന്തതയും, അവര്‍ ചാറ്റ് ജിപിടിയെ കൂടുതല്‍ വൈകാരികമായി ആശ്രയിക്കുന്നതിനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

ആളുകള്‍ ചാറ്റ്‌ബോട്ടുമായി എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ച് ഗവേഷകര്‍ സര്‍വേ നടത്തുകയും വൈകാരിക സംഭാഷണങ്ങള്‍ക്കായി വളരെ കുറച്ച് ആളുകള്‍ മാത്രമേ ചാറ്റ് ജിപിടി ഉപയോഗിക്കുന്നുള്ളൂ എന്ന് കണ്ടെത്തുകയും ചെയ്തു. ചാറ്റ്‌ബോട്ടുകള്‍ ആളുകളില്‍ എത്രത്തോളം ഏകാന്തത അനുഭവപ്പെടാന്‍ കാരണമാകുമെന്ന് പഠനം വ്യക്തമാക്കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button