ഓൺലൈൻ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനുള്ള ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ പുതുക്കിയ കരട് കേന്ദ്രം പിൻവലിച്ചു
ന്യൂഡൽഹി: ഓൺലൈൻ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബില്ലിന്റെ പുതുക്കിയ കരട് സർക്കാർ പിൻവലിച്ചു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് കരട് പിൻവലിച്ചത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കരട് ബിൽ അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കുമേലുള്ള കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. കനത്തവിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ബ്രോഡ്കാസ്റ്റിങ് ബില്ലിന്റെ പുതുക്കിയ കരട് കേന്ദ്രം പിൻവലിച്ചത്. എന്നാൽ പിൻവലിച്ചതിനോട് പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ല.
1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (നിയന്ത്രണം) നിയമത്തിന് പകരമായാണ് ബ്രോഡ് കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബിൽ കൊണ്ടുവന്നത്. സംഘ്പരിവാരിനെയും മോദിസർക്കാരിനെയും വിമർശിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. ഓൺലൈൻ പോർട്ടലുകൾ, വെബ്സൈറ്റുകൾ, യൂടൂബ്, ഇൻസ്റ്റഗ്രാം, എക്സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടെ സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് കനത്ത നിയന്ത്രണങ്ങൾ വരുത്താനാണ് ബില്ലിലൂടെ ശ്രമിക്കുന്നത്. പൊതുജന അഭിപ്രായം രൂപീകരിക്കാൻ ബില്ലിന്റെ ആദ്യകരട് കഴിഞ്ഞ നവംബറിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അതിന്റെ നവീകരിച്ച പതിപ്പ് ജൂലൈയിൽ പുറത്തിറക്കിയെങ്കിലും വളരെ കുറഞ്ഞപേർക്കാണ് കേന്ദ്രം നൽകിയത്. പൊതുജനങ്ങൾക്ക് ഇനിയും നൽകിയിട്ടില്ല. നവീകരിച്ച ബില്ലിന്റെ കരട് ചോരാതിരിക്കാൻ പ്രത്യേക വാട്ടർമാർക്ക് ഇട്ടാണ് പലർക്കും നൽകിയത്. നവീകരിച്ച ഈ ബില്ലാണ് കേന്ദ്രം പിൻവലിച്ചത്.
നവംബറിൽ പ്രസിദ്ധീകരിച്ച ബില്ലിൽ ആറ് അധ്യായങ്ങളും 48 വകുപ്പുകളും മൂന്ന് ഷെഡ്യൂളുകളുമാണ് ഉൾപ്പെടുന്നത് . ഓൺലൈൻ മാധ്യമങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങളും നിർദേശങ്ങളുമാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാൽ ഓൺലൈൻ ഉള്ളടക്കങ്ങളെ സെൻസർ ചെയ്യുകയാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കാൻ പോകുന്നതെന്നാണ് കണ്ടന്റ് ക്രിയേറ്റേഴ്സും മാധ്യമപ്രവർത്തകരും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. യൂടൂബിലും സോഷ്യൽ മീഡിയകളിലും കണ്ടന്റ് നിർമാതാക്കളെ ‘ഡിജിറ്റൽ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ്’ എന്നാണ് പുതിയ ബില്ലിൽ നിർണയിച്ചിരിക്കുന്നത്. യൂടൂബിലും എക്സിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും സമാന്തരമാധ്യമപ്രവർത്തനം നടത്തുന്നവരെ നിയന്ത്രിക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. എന്നാൽ വിദ്വേഷ, വ്യാജ,വർഗീയ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂടൂബുകളെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും നിയന്ത്രിക്കലാണ് ലക്ഷ്യമെന്നാണ് സർക്കാരിന്റെ ഒരു അവകാശവാദം.