കേരളം

ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം

തിരുവനന്തപുരം : ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം അനുവദിക്കാൻ തീരുമാനം. ഒരുദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.

വെർച്വൽ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനനപാതയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ അതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

നിലക്കലിലും എരുമേലിയിലും പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും. വിശുദ്ധി സേനാംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂർത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിൻറെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്.

യോഗത്തിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി ശൈഖ് ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ്. ശ്രീജിത്ത്, ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, പത്തനംതിട്ട ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button