Uncategorized
കൊളറാഡോയില്‍ രണ്ട് വിമാനങ്ങൾ ലാൻഡിംഗിനിടെ കൂട്ടിയിടിച്ചു; ഒരു മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

കൊളറാഡോ : യുഎസിലെ കൊളറാഡോയില്‍ രണ്ട് വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചു. ഈ അപകടത്തില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ കൊളറാഡോയിലെ ഫോര്‍ട്ട് മോര്‍ഗന്‍ മുനിസിപ്പല്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം.
സംഭവസ്ഥലത്ത് കറുത്ത പുകയും കത്തുന്ന തീജ്വാലകളും കണ്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തെത്തുടര്‍ന്ന് ഒരാള്‍ വിമാനത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്, അതില്‍ തകര്‍ന്ന വിമാനം റണ്‍വേയുടെ വശത്ത് കിടക്കുന്നത് കാണാം.
ഒരു വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് നിസ്സാര പരിക്കേറ്റതായി മോര്‍ഗന്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മറ്റേ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റൊരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.