അന്തർദേശീയം

ഫിലിപ്പീൻസിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണു; ഒരു മരണം, 38 പേർ കുടുങ്ങി

മനില : ഫിലിപ്പീൻസിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് നിരവധി പേർ കുടുങ്ങി. അപകടത്തിൽ ഒരാൾ മരിച്ചതായും 38 പേർ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ വ്യക്തമാക്കി. പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുറസായ പ്രദേശത്ത് സംസ്കരണത്തിനായി എത്തിക്കുന്ന മാലിന്യത്തിന്റെ കൂമ്പാരമാണ് പ്രദേശത്തെ ചെറിയ കെട്ടിടങ്ങൾക്കു മുകളിലേക്ക് ഇടിഞ്ഞുവീണത്. സെബു നഗരത്തിലെ ബിനാലിവ് ഗ്രാമത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മാലിന്യക്കൂമ്പാരം, മണ്ണ്, അവശിഷ്ടങ്ങൾ എന്നിവ ഇടിഞ്ഞുവീഴുകയായിരുന്നു. 13 പേരെ രാത്രിയിൽ തന്നെ രക്ഷപെടുത്തി. ലാൻഡ്ഫില്ലിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവർ ഏറെയും.

രാത്രി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ സംസ്കരണ കേന്ദ്രത്തിലെ തൊഴിലാളിയായ ഒരു സ്ത്രീ മരിച്ചുവെന്ന് റീജിയണൽ പോലീസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ റോഡറിക് മാരനൻ പറഞ്ഞു. കാണാതായ 38 പേർക്കായി തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് സെബു മേയർ നെസ്റ്റർ ആർക്കൈവലും സിവിൽ ഡിഫൻസ് ഓഫീസും പറഞ്ഞു. സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ട് കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളിൽ എല്ലാ പ്രതികരണ സേനകളും പങ്കെടുക്കുന്നുണ്ടെന്നും ആർക്കൈവൽ പറഞ്ഞു.

മണ്ണുനീക്കുന്ന ഉപകരണങ്ങളുമായി രക്ഷാപ്രവർത്തകർ തകർന്ന കെട്ടിടത്തിൽ പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു. 110 ജീവനക്കാരാണ് മാലിന്യ സംസ്കരണ കേന്ദ്രത്തിലുള്ളത്. സ്ഥാപനത്തിന്റെ അധികാരികളും ഉദ്യോഗസ്ഥരും വെള്ളിയാഴ്ച അടിയന്തര യോഗം ചേരും. പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ വേർതിരിക്കുന്ന വെയർഹൗസിന്റെ അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി. മാലിന്യസംസ്കരണ കേന്ദ്രത്തിനു പുറത്തുള്ള മറ്റ് കെട്ടിടങ്ങളും അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന്ത് വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു.

ഫിലിപ്പീൻസിലെ പല നഗരങ്ങളിലും പട്ടണങ്ങളിലും, പ്രത്യേകിച്ച് ദരിദ്ര സമൂഹങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിലുള്ള മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് അവശിഷ്ടങ്ങളും ഭക്ഷണവും ശേഖരിക്കുന്ന താമസക്കാരുണ്ട്. ഇത്തരം തുറന്ന മാലിന്യക്കൂമ്പാരങ്ങളും വളരെക്കാലമായി രാജ്യത്ത് ആരോ​ഗ്യ- സുരക്ഷ ഭീഷണികൾ ഒരുക്കുന്നു.

2000 ജൂലൈയിൽ, മെട്രോപൊളിറ്റൻ മനിലയിലെ ക്യൂസോൺ സിറ്റിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ചേരിപ്രദേശത്ത് കൊടുങ്കാറ്റിനെത്തുടർന്ന് ഒരു വലിയ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് തീപിടിത്തമുണ്ടായിരുന്നു. ദുരന്തത്തിൽ 200-ലധികം പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിനുപിന്നാലെ അനധികൃത മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനും മികച്ച മാലിന്യ സംസ്കരണം ഉറപ്പാക്കാനുമുള്ള നിയമം രാജ്യത്ത് ആദ്യമായി നടപ്പായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button