കെന്റ് ഹാംസ്ട്രീറ്റിൽ വീടിന് തീപിടിച്ചു; ഒരു കുട്ടി മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ

കെന്റ് : കെന്റിലെ ആഷ്ഫോർഡിന് സമീപമുള്ള ഹാംസ്ട്രീറ്റിലെ വൈറ്റ് അഡ്മിറൽ വേയിൽ വീടിന് തീപിടിച്ച് ഒരു കുട്ടി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.10 ഓടെയാണ് തീപിടിത്തമുണ്ടായത്. മറ്റൊരു കുട്ടിയെയും ഒരു മുതിർന്നയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അടിയന്തിര സേവനങ്ങൾ അറിയിച്ചു.
കെന്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് (KFRS) എത്തുമ്പോൾ കടുത്ത രീതിയിൽ തീ വീടാകെ പടർന്നിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ആറ് ഫയർ എഞ്ചിനുകളും ഒരു ഏരിയൽ ഫയർ വാഹനവും ഉൾപ്പെടെ വലിയ സംഘമാണ് തീ അണയ്ക്കാൻ വിന്യസിച്ചത്. സംഭവസ്ഥലത്ത് തന്നെ ഒരു കുട്ടി മരിച്ചുവെന്നും, മൂന്ന് അഗ്നിശമന സേനാംഗങ്ങൾക്ക് ചെറിയ പരിക്കുകളേറ്റുവെങ്കിലും ചികിത്സയ്ക്കുശേഷം വിട്ടയച്ചതായും കെ എഫ് ആർ എസ് അറിയിച്ചു.
തീ പൂർണ്ണമായി ശമിപ്പിക്കുന്നതിനായി രണ്ട് ഫയർ ക്രൂകൾ ഇപ്പോഴും സ്ഥലത്തുണ്ടെന്നും തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. പുക കാരണം പ്രദേശവാസികൾ ജനലുകളും വാതിലുകളും അടച്ചുവെക്കണമെന്ന് നൽകിയ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. സംഭവത്തെ തുടർന്ന് കെന്റ് പൊലീസ് റോഡ് അടച്ചിരുന്നു .



