ഇസ്രായേലിന്റെ അടുത്ത ആക്രമണ ലക്ഷ്യം തുർക്കിയായിരിക്കുമെന്ന് നിരീക്ഷകർ

ഇസ്താംബൂൾ : ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ആക്രമണം നടത്തിയ ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം തുർക്കിയായിരിക്കുമെന്ന് നിരീക്ഷകർ. യുഎസുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഖത്തറിനെ ആക്രമിച്ച ഇസ്രായേലിന് തുർക്കിയെ ആക്രമിക്കാൻ മടിയുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം തുർക്കി ആയിരിക്കുമെന്നാണ് വാഷിങ്ടണിലെ വലതുപക്ഷക്കാരനായ അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ മൈക്കൽ റൂബൻ പറയുന്നത്. പ്രതിരോധത്തിനായി ഒരു കാരണവശാലും നാറ്റോയെ ആശ്രയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
‘ഇന്ന് ഖത്തർ, നാളെ തുർക്കിയ’ എന്ന തരത്തിലാണ് ഇസ്രായേലിന്റെ നീക്കങ്ങളെന്ന് ഇസ്രായേലിലെ രാഷ്ട്രീയനിരീക്ഷകൻ മെയർ മിസ്രി പോസ്റ്റ് ചെയതിരുന്നു. ഇതിനോട് അതിരൂക്ഷമായ ഭാഷയിലാണ് അങ്കാറയിൽ പ്രതികരിച്ചത്. ”സയണിസ്റ്റ് ഭീകരരുടെ സ്വന്തം നായയുടെ അറിവിലേക്ക്…ഏറെ വൈകാതെ നിങ്ങൾ ഭൂമുഖത്ത് നിന്ന് പുറന്തള്ളപ്പെടുകയും ലോകം അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യും”- പ്രസിഡന്റ് ഉർദുഗാന്റെ മുതിർന്ന ഉപദേഷ്ടാവ് എഴുതി.
മാസങ്ങളായി ഇസ്രായേൽ അനുകൂല മാധ്യമങ്ങൾ തുർക്കിക്ക് എതിരായ വാചാടോപങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രായേലിന്റെ ഏറ്റവും അപകടകാരിയായ ശത്രുവാണ് തുർക്കി എന്നുവരെ ഇതിനോടകം പറഞ്ഞുകഴിഞ്ഞു.
കിഴക്കൻ മെഡിറ്റേറിയനിൽ തുർക്കിയുടെ സാന്നിധ്യം ഭീഷണിയാണെന്നാണ് ഇസ്രായേൽ വിലയിരുത്തുന്നത്. യുദ്ധാനന്തര സിറിയയുടെ പുനർനിർമാണത്തിൽ തുർക്കിയുടെ ശക്തമായ സാന്നിധ്യവും തങ്ങൾക്ക് ഭീഷണിയായാണ് ഇസ്രായേൽ കാണുന്നത്.
അന്താരാഷ്ട്ര സമ്മർദങ്ങൾ മാനിക്കാതെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ തുർക്കി ആഗസ്റ്റിൽ താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇസ്രായേൽ അധിനിവേശം ഗസ്സയിൽ അവസാനിപ്പിക്കുമെന്ന് തുർക്കി കരുതുന്നില്ല. യുഎസുമായി അടുത്ത ബന്ധമുണ്ടായിട്ടും ഇസ്രായേൽ ഖത്തറിനെ ആക്രമിച്ചിട്ടും യുഎസ് മിണ്ടിയിട്ടില്ല. നാറ്റോ സഖ്യരാജ്യമാണെങ്കിലും ഇസ്രായേൽ ആക്രമണം ഉണ്ടായാൽ യുഎസ് എന്തെങ്കിലും ഇടപെടൽ നടത്തുമെന്ന് തുർക്കി കരുതുന്നില്ല.