‘യുഎസിന്റെ സമ്മര്‍ദം കൊണ്ടല്ല’; ഇറാനു നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു
ജറുസലേം : ഇറാനു നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത് യുഎസ് നിര്‍ദേശ പ്രകാരമല്ലെന്നും ദേശീയ താല്‍പ്പര്യങ്ങള്‍ അടിസ്ഥാനമാക്കിയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. യുഎസിന്റെ സമ്മര്‍ദപ്രകാരമാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ഇസ്രയേല്‍ ആക്രമിക്കാതിരുന്നതെന്നുള്ള മാധ്യമ വാര്‍ത്തകളെയും നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചു.
ഇറാന്റെ ആണവ മേഖലകളില്‍ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി യുഎസ് അവകാശപ്പെട്ടിരുന്നു. സൈനിക കേന്ദ്രങ്ങളില്‍ മാത്രമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും ഇതോടെ സംഘര്‍ഷത്തിന് അന്ത്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.
ഇറാനിലെ മിസൈല്‍ ഫാക്ടറികള്‍ക്കും മറ്റു പ്രദേശങ്ങള്‍ക്കും നേരെ മൂന്നു ഘട്ടമായാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.