അന്തർദേശീയം

ലെബനനിലെ പേജർ സ്ഫോടനം : റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട്.

ഓസ്ലൊ: ലെബനനിലെ പേജർ സ്ഫോടനത്തിൽ സംശയ നിഴലിലായ മലയാളി റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട്. നോർവേ പൊലീസാണ് അന്താരാഷ്ട്ര തലത്തിലാണ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചത്. യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനൽ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു.

മാനന്തവാടി സ്വദേശിയായ റിൻസൺ നോർവീജിയൻ പൗരനാണ്. ലെബനനിൽ പേജർ സ്ഫോടനമുണ്ടായ 17 ന് രാത്രിയാണ് നോർവേയിലെ ഓസോയിൽ നിന്ന് റിൻസൺ അമേരിക്കയിലേക്ക് പോയത്. മുൻകൂട്ടി നിശ്ചയിച്ച യാത്രയെന്ന് ചൂണ്ടികാട്ടിയാണ് റിൻസൻ ബോസ്റ്റണിലേക്ക് പോയത്. എന്നാൽ പിന്നീട് റിൻസൻ അപ്രത്യക്ഷനാവുകയായിരുന്നു. റിൻസനെ കാണാനില്ലെന്ന് നോർവയിൽ അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം നോർവെ പൊലീസിനെ അറിയിച്ചതോടെയാണ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചത്.

റിന്‍സണ്‍ ജോസിന്റെ പേരിലുള്ള നോര്‍ട്ട ഗ്ലോബല്‍ ഷെല്‍ കമ്പനിയാണ് പേജറുകള്‍ വിതരണം ചെയ്തതെന്ന് ആരോപണം ഉയർന്നിരുന്നു. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണിത്. കമ്പനി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ 200 കമ്പനികള്‍ക്ക് ഓഫീസ് ഉണ്ടായിരുന്നുവെന്നും സ്‌ഫോനത്തിന് ശേഷം നോര്‍ട്ടയുടെ വെബ്‌സൈറ്റും ഇല്ലാതായെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

റിന്‍സണ്‍ പേജറുകള്‍ വിതരണം ചെയ്തത് ഡിഎസി എന്ന ഹംഗറി ആസ്ഥാനമായ കമ്പനി വഴിയാണ് ഈ കമ്പനിക്ക് റിൻസണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 1.6 മില്ല്യന്‍ ഡോളര്‍ കൈമാറിയെന്നും ആരോപണമുണ്ട്. എന്നാൽ കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button