യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുദ്ധം ആരംഭിച്ചാൽ പൗരൻമാരുടെ എല്ലാ സ്വത്തുക്കളും സൈന്യം ഏറ്റെടുക്കും : നോർവേ

ഓസ്‌ലോ : റഷ്യയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് പൗരന്മാർക്കു മുന്നറിയിപ്പ് നൽകി യൂറോപ്യൻ രാജ്യമായ നോർവേ. ‌യുദ്ധസമാനമായ സാഹചര്യമുണ്ടായാൽ സൈന്യത്തിനു പൗരൻമാരുടെ വാഹനങ്ങൾ, ബോട്ടുകൾ, മറ്റ് സ്വത്തുക്കളും പിടിച്ചെടുത്തു ഉപയോഗിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നൽകിയത്. ഇതുവരെ 13,000 പൗരന്മാർക്കാണ് ഈ സന്ദേശം കൈമാറിയത്.

യുദ്ധസമയത്ത്, രാജ്യത്തിന്റെ പ്രതിരോധത്തിനു വേണ്ടിവരുന്ന വസ്തുക്കൾ സായുധ സേനയ്ക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കാനാണ് ഈ സന്ദേശത്തിലൂടെ തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് നോർവീജിയൻ സൈന്യം പറഞ്ഞു. ഇപ്പോൾ കൈമാറിയ സന്ദേശത്തിനു ഒരു വർഷമാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. മുൻപും ഇത്തരത്തിലുള്ള സന്ദേശങ്ങൾ സൈന്യം കൈമാറിയിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഗുരുതരമായ സുരക്ഷാ വെല്ലുവിളികളാണ് നോർവേ അഭിമുഖീകരിക്കുന്നതെന്നും യുദ്ധത്തിനു തയാറെടുക്കേണ്ട സാഹചര്യം അടുത്തിടെ ഗണ്യമായി വർദ്ധിച്ചുവെന്നും അതിനാൽ വലിയ ശേഖരണം നടത്താൻ തയാറെടുക്കുകയാണെന്നും സൈന്യത്തിലെ ലോജിസ്റ്റിക്സ് ഓർഗനൈസേഷൻ മേധാവി ആൻഡേഴ്‌സ് ജെൻബർഗ് പറഞ്ഞു.

ആർട്ടിക് മേഖലയിൽ തന്ത്രപരമായ സ്ഥാനമാണ് നോർവേയ്ക്കുള്ളത്, ഇവിടെ റഷ്യയുമായി സമുദ്രാതിർത്തിയും കര അതിർത്തിയും പങ്കിടുന്നു.ആർട്ടിക് മേഖലയിൽ റഷ്യയും ചൈനയും സാന്നിധ്യം വിപുലീകരിക്കാൻ പദ്ധതിയിടുന്നതാണ് നാറ്റോ അംഗം കൂടിയായ നോർവേയുടെ ആശങ്ക കൂട്ടുന്നത്.

അതേസമയം ഗ്രീൻലാൻഡിനുമേലുള്ള പരമാധികാരം പിടിച്ചെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾ തുടരവേയാണ് നോർവേയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്. ദിവസങ്ങൾക്കുമുൻപ് നോർവേ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ 8 യുദ്ധങ്ങൾക്കുമേൽ നിർത്തിച്ച തനിക്കു സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകേണ്ടതില്ലെന്ന് നിങ്ങളുടെ രാജ്യം തീരുമാനിച്ചത് കണക്കിലെടുക്കുമ്പോൾ, സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് കുറിച്ചിരുന്നു. നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ സമ്മാന പ്രഖ്യാപനത്തിലുള്ള പരിഭവമാണ് ട്രംപ് പങ്കുവച്ചത്.

അതേസമയം ഗ്രീൻലൻഡ് വിഷയത്തിൽ പിന്തുണ നൽകാത്ത രാജ്യങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ താരിഫിൽ ഉൾപ്പെട്ട എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നോർവേയുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button