അന്തർദേശീയം

ഉത്തര കൊറിയൻ പുതിയ യുദ്ധക്കപ്പല്‍ ഉദ്ഘാടന ദിവസം തകർന്നു; ക്രിമിനൽ കുറ്റം, അശ്രദ്ധ എന്ന് കിം ജോങ് ഉൻ

സോൾ : പുതിയ യുദ്ധക്കപ്പലിന്റെ അവതരണം ‘വെള്ളത്തിലായതിന്റെ’ കലിപ്പിൽ ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ. വ്യാഴാഴ്ച പുതിയ യുദ്ധക്കപ്പല്‍ കടലിൽ ഇറക്കുന്നതിനിടെ സംഭവിച്ച അപകടത്തെ ക്രിമിനൽ പ്രവർത്തിയെന്നാണ് കിം ജോങ് ഉൻ വിശേഷിപ്പിച്ചത്. അപകടത്തെ തുടർന്ന് യുദ്ധക്കപ്പലിന്റെ ഒരു ഭാഗം തകർന്നിരുന്നു. ഇതോടെയാണ് ഇതിനെ ക്രിമിനൽ നടപടിയെന്നാണ് കിം വിശേഷിപ്പിച്ചത്. ജൂണിൽ നടക്കുന്ന വർക്കേഴ്സ് പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിനു മുൻപ് 5,000 ടൺ ഭാരമുള്ള യുദ്ധക്കപ്പൽ പൂർവ സ്ഥിതിയിലാക്കണമെന്നും കിം ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിൽ കപ്പലിന്റെ അടിത്തട്ടിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും ആളപായമോ പരുക്കുകളോ ഉണ്ടായിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കിഴക്കൻ തുറമുഖ നഗരമായ ചോങ്‌ജിനിലെ ഒരു കപ്പൽശാലയിലായിരുന്നു വ്യാഴാഴ്ച അപകടം നടന്നത്. കഴിഞ്ഞ നവംബറിൽ, ഒരു സൈനിക ഉപഗ്രഹം ആകാശത്തു വച്ച് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെ കിം വിമർശിച്ചിരുന്നു. അതേസമയം തകർന്ന കപ്പൽ ഒരു വശത്തേക്കു മറിഞ്ഞു കിടക്കുകയാണെന്നാണ് ദക്ഷിണ കൊറിയൻ സൈന്യം പറയുന്നത്. എഴുപതിലധികം മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലാണ് തകർന്നിരിക്കുന്നത്. കിം ജോങ് ഉൻ ഉദ്ഘാടനം നിർവഹിച്ച് ആഴ്ചകൾക്ക് ശേഷമാണ് അപകടം സംഭവിച്ചതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button