ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്

സോള്‍ : ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ സൈന്യമാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍ ദക്ഷിണ കൊറിയയില്‍ എത്താന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം.
അഞ്ചുമാസത്തിനിടെ ഇതാദ്യമായാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തുന്നതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം പറഞ്ഞു. പ്യോങ്യാങ്ങിന് തെക്കുനിന്നുള്ള പ്രദേശത്തുനിന്നാണ് ഉത്തര കൊറിയ ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യം പറയുന്നത്. ഇത് വടക്കുകിഴക്കന്‍ മേഖലയിലേക്ക് 350 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചതായും സൈന്യം അറിയിച്ചു. മിസൈലുകള്‍ കടലില്‍ പതിച്ചിട്ടില്ലെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യം പറയുന്നത്. എന്നാല്‍, മിസൈല്‍ പരീക്ഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് തയ്യാറായില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, യുഎസുമായുള്ള സൈനികസഖ്യത്തിന്റെ കരുത്തില്‍ ഉത്തരകൊറിയയുടെ ഏതുരീതിയിലുള്ള പ്രകോപനവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്നും ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി.
അതേസമയം, മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, മേഖലയിലെ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് യുഎസുമായും ദക്ഷിണകൊറിയയുമായും ആശയവിനിമയം നടത്തുന്നുണ്ടെന്ന് ജപ്പാനിലെ പുതിയ പ്രധാനമന്ത്രി സനെ തകൈച്ചി അറിയിച്ചു.
നേരത്തേ മെയ് എട്ടിനും ഉത്തര കൊറിയ ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. അടുത്തിടെ നടത്തിയ സൈനിക പരേഡില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും പ്രദര്‍ശിപ്പിച്ചിരുന്നു. രാജ്യത്തിന്റെ ഏറ്റവും ശക്തമായ ആണവായുധ സംവിധാനമെന്നാണ് ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമം ഇതിനെ വിശേഷിപ്പിച്ചിരുന്നത്.
ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ ഉച്ചകോടിയുടെ ഭാഗമായാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒക്ടോബര്‍ അവസാനം ദക്ഷിണ കൊറിയയില്‍ എത്തുന്നത്. രണ്ടാമത് യുഎസ് പ്രസിഡന്റായതിന് ശേഷം മേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യയാത്രയാണിത്. പ്രാദേശിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ആദ്യം മലേഷ്യയിലെത്തുന്ന ട്രംപ് പിന്നീട് ജപ്പാനില്‍ സന്ദര്‍ശനം നടത്തും. ഇതിനുശേഷമാണ് ദക്ഷിണകൊറിയയില്‍ എത്തുക. അതേസമയം, ഉച്ചകോടിയുടെ പ്രധാന സമ്മേളനങ്ങളില്‍ ട്രംപ് പങ്കെടുത്തേക്കില്ലെന്നാണ് ദക്ഷിണകൊറിയന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, ചൈനീസ് പ്രസിഡന്റുമായും ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.