ആഡംബര ക്രൂയിസ് കപ്പലായ ഐഡ ദീവയിൽ നോറാവൈറസ് പകർച്ചവ്യാധി ഭീഷണി

മിയാമി :133 ദിവസത്തെ ലോകയാത്ര പാക്കേജുമായി കടലിലുള്ള ആഡംബര ക്രൂയിസ് കപ്പലായ ഐഡ ദീവയിൽ പകർച്ചവ്യാധി ഭീഷണി. ക്രൂയിസിലെ നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കും നോറോവൈറസ് ബാധിച്ചുവെന്നാണ് റിപ്പോർട്ട്. ഐഡ ദീവയിലെ 95 യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കും ആണ് നോറാവൈറസ് ബാധിച്ചത്. യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, മെക്സിക്കോ, ശ്രീലങ്ക എന്നിവയുൾപ്പെടെ 26 രാജ്യങ്ങൾ സന്ദർശിക്കുന്ന ഐഡ ദീവ നവംബർ 10 ന് ജർമ്മനിയിലെ ഹാംബർഗിൽ നിന്നാണ് പുറപ്പെട്ടത്.
നവംബർ 30 നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. കപ്പൽ മിയാമിയിൽ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു ആദ്യ കേസ്. വയറിളക്കവും ഛർദ്ദിയുമാണ് പ്രധാന ലക്ഷണങ്ങൾ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്ക് ക്വാറന്റൈൻ, വൃത്തിയാക്കൽ, അണുവിമുക്തമാക്കൽ, പരിശോധകൾ എന്നിവയെല്ലാം നടപ്പാക്കിവരികയാണ്. നിലവിലെ സാഹചര്യം മറികടന്ന് കപ്പൽ മാർച്ച് 23 ന് ഹാംബർഗിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആവശ്യമായ പ്രതിരോധ പ്രവർത്തങ്ങൾ നടത്തിവരികയാണെന്ന് ഐഡ ദീവ ക്രൂയിസിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു.



