നോര്‍ക്ക കെയര്‍ : പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി സാക്ഷാത്ക്കാരത്തിലേക്ക്

തിരുവനന്തപുരം : പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി – നോര്‍ക്ക കെയര്‍’ നടപ്പിലാക്കുകയാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന്. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബത്തിനും ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഭാവിയില്‍ ജിസിസി രാജ്യങ്ങളിലുള്‍പ്പെടെയുള്ള ആശുപത്രികളിലും പദ്ധതി ലഭ്യമാക്കും.
നോര്‍ക്ക ഐഡി കാര്‍ഡ് ഉള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാനാകും. പോളിസി എടുത്ത് തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് അത് തുടരാനുളള സംവിധാനവും ഒരുക്കും. ഏറെകാലമായി പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആശയമാണ് നോര്‍ക്ക കെയറിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് പി ശ്രീരാമകൃഷ്ണന് പറഞ്ഞു.
നോര്‍ക്ക കെയര്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 22 നു മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെയാണ് ഗ്ലോബല്‍ രജിസ്ട്രേഷന് ഡ്രൈവ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ നോര്‍ക്ക കെയര്‍ പരിരക്ഷ ലഭ്യമാകും.
പ്രവാസി കേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ‘നോര്‍ക്ക കെയര്‍’ പദ്ധതിയില്‍ ലഭിക്കും. പ്രായപരിധിയില്ലാതെയും മെഡിക്കല്‍ ടെസ്റ്റുകള്‍ ഇല്ലാതെയും നോര്‍ക്ക കെയറില്‍ ചേരാമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി വിശദീകരിച്ചു.
പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.