പാകിസ്ഥാനിൽ ഒമ്പത് യാത്രക്കാരെ ബസ് തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ഒമ്പത് ബസ് യാത്രക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ രണ്ട് ബസുകൾ തടഞ്ഞുനിർത്തിയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടത് പാക് ഇന്റലിജന്റ്സ് ഏജെന്റുമാരെന്ന് റിപ്പോർട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പഞ്ചാബിന്റെ മധ്യമേഖലയിലേക്ക് പോകുകയായിരുന്ന ബസാണ് ആക്രമണത്തിന് ഇരയായത്. റിപ്പോർട്ടുകൾ പ്രകാരം, ക്വറ്റയിൽ നിന്ന് പഞ്ചാബിലേക്ക് പോകുകയായിരുന്ന രണ്ട് ബസുകൾ ലോറാലൈ-ഷോബ് ഹൈവേയിൽ സുർ-ഡകായ്ക്ക് സമീപം ആയുധധാരികൾ തടഞ്ഞു. തോക്കുധാരികൾ വാഹനങ്ങളിൽ കയറി യാത്രക്കാരുടെ സിഎൻഐസി പരിശോധിച്ചു.
പഞ്ചാബ് നിവാസികളെന്ന് തിരിച്ചറിഞ്ഞവരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ പിന്നീട് റോഡരികിൽ നിന്ന് കണ്ടെടുത്തതായി ജില്ലാ ഭരണാധികാരി സാദത്ത് ഹുസൈൻ സ്ഥിരീകരിച്ചു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വിയും ആക്രമണം സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നിൽ ഇന്ത്യ സ്പോൺസർ ചെയ്യുന്ന ഭീകരരാണെന്നാണ് പാക് പ്രധാനമന്ത്രിയുടെ അവകാശവാദം. എന്നാൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായാണ് സ്തിരീകരിക്കാത്ത വിവരം.