കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കേസ്; കൊച്ചിൻ ഷിപ്പ്യാർഡിലും ക്വാട്ടേഴ്സിലും എൻഐഎ പരിശോധന
കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡിലും ക്വാട്ടേഴ്സിലും എൻ.ഐ.എ പരിശോധന തുടരുന്നു. കപ്പൽശാലയിലെ നിർണായക വിവരങ്ങൾ ചോർത്തിയ കേസിലാണ് അന്വേഷണം. ഷിപ്പ്‌യാർഡിലെ കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോടനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
ഏഞ്ചൽ പായൽ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്കാണ് പ്രതിരോധ കപ്പലുകളുടെ നിർണായക വിവരങ്ങൾ കൈമാറിയിരുന്നത്. കരാർ വ്യവസ്ഥയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. നാവികസേനയ്ക്കായി നിർമാണത്തിലിരിക്കുന്ന കപ്പലിൻ്റെ പ്രത്യേക ഭാഗങ്ങൾ, പ്രതിരോധ കപ്പലുകളുടെ വരവ്, പൊസിഷനിങ് വിവരങ്ങൾ തുടങ്ങിയ അതീവസുരക്ഷിതമായ വിവരങ്ങളാണ് ഇയാൾ സമൂഹമാധ്യമത്തിലൂടെ ചോർത്തി നൽകിയത്.കോൺട്രാക്ട് വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന ആളാണ് ശ്രീനിഷ്. കഴിഞ്ഞ വർഷം മാർച്ച് മുതൽ ഡിസംബർ വരെ ഇയാൾ വിവരങ്ങൾ ചോർത്തിയെന്നാണ് കണ്ടെത്തൽ. മാസങ്ങൾക്ക് മുമ്പ് ‘എയ്ഞ്ചൽ പായൽ’ എന്ന ഫേസ്ബുക്ക് എക്കൗണ്ടിൽനിന്ന് തനിക്ക് റിക്വസ്റ്റ് വന്നതാണെന്നാണ് ശ്രീനിഷ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് ചാറ്റിങ്ങിനിടെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഫോട്ടോകൾ അയച്ചുനൽകിയതെന്നും ഇയാൾ സമ്മതിച്ചിരുന്നു.