അന്തർദേശീയം

എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന് മുകളില്‍ ‘ബാറ്റ്മാന്‍’ വേഷത്തില്‍ പ്രണയാഭ്യര്‍ഥന; ഇരുവരെയും അറസ്റ്റ് ചെയ്ത് ന്യൂയോർക്ക് പൊലീസ്

ന്യൂയോർക്ക് : ലോകപ്രശസ്തമായ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ മുകളിലെ സ്പയറിൽ കയറി ‘ബാറ്റ്മാൻ’ വേഷത്തിൽ വിവാഹാഭ്യർഥന നടത്തിയ ദമ്പതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എന്നാൽ സാഹസിക പ്രണയാഭ്യർഥനയ്ക്ക് പിന്നാലെ ഇരുവരെയും ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.

റഷ്യൻ സ്വദേശികളായ ആഞ്ചല നിക്കോളാവുയും ഇവാൻ കുസ്നെറ്റ്സോവും (Ivan Beerkus) ആണ് അപകടകരമായ രീതിയിൽ കെട്ടിടത്തിന്റെ മുകളിലെത്തിയത്. ഇരുവരും കെട്ടിടത്തിന്റെ സ്പയറിൽ ഒരു ബാനർ ഉയർത്തിയ ശേഷമാണ് ഇവാൻ തന്റെ ദീർഘകാല പങ്കാളിയായ ആഞ്ചലയോട് വിവാഹാഭ്യർഥന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

“When the power of love beats the love of power, the world knows peace” എന്ന സന്ദേശം എഴുതിയ ബാനറും ഇവർ ഉയർത്തിയിരുന്നു. സംഭവത്തെ തുടർന്ന് എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിലെ നിരീക്ഷണ ഡെക്ക് താൽക്കാലികമായി ഒഴിപ്പിക്കുകയും പൊലീസ് ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അതിക്രമിച്ച് കയറൽ, പൊതുസുരക്ഷ അപകടത്തിലാക്കൽ, സ്വത്ത് നശിപ്പിക്കൽ, അനുമതിയില്ലാതെ പ്രവേശിക്കൽ, പൊതുശല്യം സൃഷ്ടിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ഉയരം കൂടിയ കെട്ടിടങ്ങൾ കയറി സാഹസിക പ്രകടനങ്ങൾ നടത്തുന്നതിലൂടെ ശ്രദ്ധ നേടിയവരാണ് ആഞ്ചലയും ഇവാനും. ഇവരുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘Skywalkers: A Love Story’ എന്ന ഡോക്യുമെന്ററി 2024-ൽ പുറത്തിറങ്ങിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടമായ മലേഷ്യയിലെ Merdeka 118 കെട്ടിടം കയറിയതും ഈ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു.

അതേസമയം, സന്ദർശകരുടെയോ കെട്ടിടത്തിലെ ജീവനക്കാരുടെയോ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഉണ്ടായിരുന്നില്ലെന്ന് എംപയർ സ്റ്റേറ്റ് ബിൽഡിങ് അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button