ആരോഗ്യംയൂറോപ്യൻ യൂണിയൻ വാർത്തകൾ

കോവിഡിന്റെ പുതിയ വകഭേദം യൂറോപ്പില്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍ : കോവിഡിന്റെ പുതിയ വകഭേദം യൂറോപ്പില്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. എക്‌സ്ഇസി (XEC) എന്ന് വിളിക്കുന്ന കോവിഡ് വകഭേദം ജൂണില്‍ ജര്‍മനിയിലാണ് ആദ്യം കണ്ടെത്തിയത്. നിലവില്‍ യുകെ, ഡെന്മാര്‍ക്ക് പോലുള്ള യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ അമേരിക്കയിലും രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്. വൈകാതെ തന്നെ രോഗവ്യാപനത്തിന് കാരണമാകുന്ന പ്രബല വകഭേദമായി ഇത് മാറിയേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഒമൈക്രോണ്‍ വേരിയന്റിന്റെ ഉപവിഭാഗമായ പുതിയ വകഭേദം ഈ ശരത്കാലത്തില്‍ കൂടുതല്‍ പടരാനാണ് സാധ്യതയുണ്ട്. ഇതിന് സഹായകമായ ചില പുതിയ മ്യൂട്ടേഷനുകള്‍ വകഭേദത്തിന് സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വാക്‌സിനുകള്‍ കേസുകള്‍ ഗുരുതരമാകുന്നത് തടയാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ യൂറോപ്പില്‍ പ്രബലമായ KS.1.1, KP.3.3 എന്നി മുന്‍കാല ഒമൈക്രോണ്‍ സബ് വേരിയന്റുകളുടെ ഒരു സങ്കരയിനമാണ് XEC വേരിയന്റ്. ഇതുവരെ, പോളണ്ട്, നോര്‍വേ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ചൈന എന്നിവയുള്‍പ്പെടെ 27 രാജ്യങ്ങളില്‍ നിന്നുള്ള 500 സാംപിളുകളില്‍ എക്‌സ്ഇസി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡെന്മാര്‍ക്ക്, ജര്‍മ്മനി, യുകെ, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ പുതിയ കോവിഡ് വകഭേദം കൂടുതല്‍ പടരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

മറ്റ് സമീപകാല കോവിഡ് വേരിയന്റുകളെ അപേക്ഷിച്ച് എക്‌സ്ഇസിക്ക് കൂടുതല്‍ വ്യാപിക്കാനുള്ള ശേഷിയുണ്ട്. വാക്‌സിനുകളിലാണ് പ്രതീക്ഷ. ഇവയ്ക്ക് നല്ല സംരക്ഷണം നല്‍കാന്‍ സാധിച്ചാല്‍ ആശങ്കപ്പെടാനില്ല. എന്നാല്‍ ശൈത്യകാലത്ത് എക്‌സ്ഇസി ശക്തമായ സബ് വേരിയന്റായി മാറിയേക്കാമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ പ്രൊഫസര്‍ ഫ്രാങ്കോയിസ് ബലൂക്‌സ് പറഞ്ഞു.

പനി, തൊണ്ടവേദന, ചുമ, ഗന്ധമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന എന്നിവ ഉള്‍പ്പെടെയുള്ള മുന്‍ കോവിഡ് വേരിയന്റുകളുടേതിന് സമാനമാണ് ലക്ഷണങ്ങളാണ് എക്‌സ്ഇസി വേരിയന്റിനുമുള്ളത്. ഒമൈക്രോണ്‍ വംശത്തിലെ ഒരു ഉപവകഭേദമായത് കൊണ്ട് വാക്‌സിനുകളും ബൂസ്റ്റര്‍ ഷോട്ടുകളും ഗുരുതരമായ രോഗങ്ങളില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതില്‍ നിന്നും മതിയായ സംരക്ഷണം നല്‍കുമെന്നും വിദഗ്ധര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button