യാത്രക്കാർക്ക് എന്തെല്ലാം, എത്രഅളവിൽ കൈവശം വെക്കാം?; യുഎഇയിൽ പുതിയ കസ്റ്റംസ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

അബുദാബി : യുഎഇയിൽ പ്രവേശിക്കുകയോ യുഎഇയിൽ നിന്ന് പുറപ്പെടുകയോ ചെയ്യുന്ന യാത്രക്കാർക്കായി സുരക്ഷ, സുഗമമായ കസ്റ്റംസ് നടപടിക്രമങ്ങൾ എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി സമഗ്രമായ യാത്രാ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു,
യുഎഇയിൽ പ്രവേശിക്കുമ്പോൾ പിഴ ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പണം, വിലപിടിപ്പുള്ള വസ്തുക്കൾ, നിയന്ത്രിത വസ്തുക്കൾ എന്നിവ വെളിപ്പെടുത്തുന്നതിലുള്ള പ്രാധാന്യം മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായി പറയുന്നു.
ജിസിസിയുടെ ഏകീകൃത കസ്റ്റംസ് നിയമം അനുസരിച്ച്, 60,000 ദിർഹത്തിൽ കൂടുതൽ – അല്ലെങ്കിൽ മറ്റ് കറൻസികളിൽ അതിന് തുല്യമായത് – പണമായും, കൈമാറ്റം ചെയ്യാവുന്ന ഉപകരണങ്ങൾ, വിലയേറിയ ലോഹങ്ങൾ, വിലപിടിപ്പുള്ള സ്റ്റോൺ, എന്നിവയിൽ കൊണ്ടുപോകുന്ന യാത്രക്കാർ ഔദ്യോഗിക വെളിപ്പെടുത്തൽ ഫോം ഉപയോഗിച്ച് ഈ ഇനങ്ങൾ പ്രഖ്യാപിക്കണം.
യുഎഇയിൽ വരുന്നവർക്കും പോകുന്നവർക്കും ഈ നിയമം ബാധകമാണ്, കൂടാതെ അത്തരം കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നാൽ ആ വസ്തുക്കൾ കണ്ടുകെട്ടുന്നതിനോ നിയമപരമായ പിഴകൾക്കോ കാരണമായേക്കാമെന്ന് 24.ae യെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വ്യക്തിപരമായ വസ്തുക്കൾക്കും സമ്മാനങ്ങൾക്കും, കസ്റ്റംസ് നിയമം നിർവചിക്കപ്പെട്ട പരിധിക്കുള്ളിൽ ഇളവുകൾ അനുവദിക്കുന്നു. കൈവശം വെക്കാവുന്ന സമ്മാനങ്ങളുടെ ആകെ മൂല്യം 3,000 ദിർഹത്തിൽ കൂടരുത്.
മാത്രമല്ല ഇവ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ളതും വാണിജ്യേതരവും ന്യായമായ അളവിലും ആയിരിക്കണം. പതിവായി യാത്ര ചെയ്യുന്നവരോ സമാന സാധനങ്ങൾ വ്യാപാരം ചെയ്യുന്ന വ്യക്തികളോ ഈ ഇളവിന് അർഹരല്ല.
പുകയില ഉൽപ്പന്നങ്ങൾക്ക് 200 സിഗരറ്റുകൾ വരെയുള്ള അളവോ അല്ലെങ്കിൽ തത്തുല്യമായ അളവിലുള്ള പൈപ്പ് പുകയിലയോ ആണ് ഇളവിനുള്ള പരിധി. അധിക അളവുകൾക്ക് കസ്റ്റംസ് തീരുവ ബാധകമാണ്.
നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഒരു സാഹചര്യത്തിലും യുഎഇയിലേക്ക് കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടുപോകാനോ പാടില്ലാത്ത വസ്തുക്കൾ ഉൾപ്പെടുന്നു. ലഹരിമരുന്ന്, ചൂതാട്ട ഉപകരണങ്ങൾ, നൈലോൺ മത്സ്യബന്ധന വലകൾ, ആനക്കൊമ്പ്, വ്യാജ കറൻസി, ഉപയോഗിച്ചതോ റീട്രെഡ് ചെയ്തതോ ആയ ടയറുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, റെഡ്-ബീം ലേസർ പെൻ, മതപരമായ മൂല്യങ്ങളോ പൊതു ധാർമ്മികതയോ ലംഘിക്കുന്ന അച്ചടിച്ചതോ ദൃശ്യപരമോ ആയ വസ്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
റേഡിയേഷൻ അല്ലെങ്കിൽ ന്യൂക്ലിയർ ഡസ്റ്റ് കൊണ്ട് മലിനമായ വസ്തുക്കൾ, പാൻ, വെറ്റില, യുഎഇ നിയമം അല്ലെങ്കിൽ അന്താരാഷ്ട്ര കരാറുകൾ പ്രകാരം നിരോധിത ഉൽപ്പന്നങ്ങൾ എന്നിവയും നിരോധിച്ചിരിക്കുന്നു.
ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി നേടിയതിനുശേഷം മാത്രമേ ചില നിയന്ത്രിത ഇനങ്ങൾ കൊണ്ടുവരാനോ കൊണ്ടുപോകാനോ കഴിയുകയുള്ളൂ. മൃഗങ്ങൾ, സസ്യങ്ങൾ, വളങ്ങൾ, കീടനാശിനികൾ, ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ, പടക്കങ്ങൾ, മെഡിക്കൽ മരുന്നുകളും ഉപകരണങ്ങളും, ആണവ സംബന്ധിയായ വസ്തുക്കൾ, വയർലെസ് ട്രാൻസ്മിറ്ററുകൾ, മദ്യം, സൗന്ദര്യവർദ്ധക വസ്തുക്കൾ, അസംസ്കൃത വജ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, സാംസ്കാരികം, യുവജനം, വ്യവസായം, നൂതന സാങ്കേതികവിദ്യ എന്നീ മന്ത്രാലയങ്ങൾ, ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ, ടെലികമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി, ദുബൈ പൊലിസ്, യുഎഇ കിംബർലി ഓഫീസ് എന്നിവയുൾപ്പെടെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് ഇതിനുള്ള അനുമതി നേടണം.