ദേശീയം

കേന്ദ്ര വിജ്ഞാപനമായി, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ ഒന്നു മുതല്‍

സിആർപിസി അനുസരിച്ച്‌ കുറ്റാരോപിതനെ 15 ദിവസത്തിൽ കൂടുതൽ കസ്റ്റഡിയിൽ വയ്ക്കാനാകില്ല, എന്നാൽ, പുതിയ നിയമത്തില്‍ അങ്ങനെയില്ല

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമ വ്യവസ്ഥ സമൂലമായി പരിഷ്‌കരിക്കുന്ന പുതിയ മൂന്നു നിയമങ്ങള്‍ ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ 21ന് പാര്‍ലമെന്റ് മൂന്നു ബില്ലുകളും പാസാക്കിയിരുന്നു.

25ന് രാഷ്ട്രപതി ഇവയ്ക്ക് അംഗീകാരം നല്‍കി. മൂന്നു നിയമവും ജുലൈ ഒന്നിനു പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു. കൊളോണിയല്‍ കാലത്തു പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കു പകരമാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിമിനൽനിയമങ്ങൾക്ക്‌ ബദലായിട്ടുള്ള പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട ആദ്യ ബില്ലുകൾ ആഗസ്‌ത്‌ 11നാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അവതരിപ്പിച്ചത്‌. ബില്ലുകൾ പിന്നീട് പിൻവലിച്ചു. ശീതകാല സമ്മേളനത്തിൽ വീണ്ടും അവതരിപ്പിച്ച ബില്ലുകൾ ഡിസംബർ അവസാനം പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്‌തു.

പുതിയ ക്രിമിനൽനിയമങ്ങൾ പൊലീസിനും അന്വേഷണ ഏജൻസികൾക്കും വിപുലമായ അധികാരം നൽകുന്നുവെന്ന വിമർശം ശക്തമാണ്‌. സിആർപിസി അനുസരിച്ച്‌ കുറ്റാരോപിതനെ 15 ദിവസത്തിൽ കൂടുതൽ കസ്റ്റഡിയിൽ വയ്ക്കാനാകില്ല. എന്നാൽ, പുതിയ നിയമത്തില്‍ അങ്ങനെയില്ല. പുതുക്കിയ നിയമങ്ങൾ പ്രകാരം തീവ്രവാദം, ആൾക്കൂട്ടാക്രമണം, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ കടുത്ത ശിക്ഷകളായിരിക്കും ലഭിക്കുകയെന്നാണു വിദഗ്ധരുടെ അഭിപ്രായം. പുതിയ നിയമപ്രകാരം ആൾക്കൂട്ടാക്രമണം ക്രിമിനൽ കുറ്റമായിരിക്കും.

അതേസമയം ഭാരത് ന്യായ് സംഹിതയിലെ 106 ആം വകുപ്പിലെ രണ്ടാം ഉപവകുപ്പ് മരവിപ്പിച്ചു. ഹിറ്റ് ആൻഡ് റൺ കേസിലെ ശിക്ഷ വ്യക്തമാക്കുന്ന വകുപ്പാണു മരവിപ്പിച്ചത്. ഈ വകുപ്പിനെതിരെ ഉത്തരേന്ത്യയിൽ ട്രക്ക് ഡ്രൈവർമാരിൽനിന്നടക്കം വലിയ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തിനു പിന്നാലെ ഉപവകുപ്പ് റദ്ദാക്കിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button