സ്പോർട്സ്

ഫ്രാൻസ്-നെതർലാൻഡ്‌സ് സമാസമം, ട്രിപ്പിൾ സ്‌ട്രോങ് ഓസ്ട്രിയ; പിന്നിൽനിന്നും തിരിച്ചടിച്ച് ഉക്രെയ്ൻ

ബെർലിൻ: ഫ്രാൻസിനെതിരായ തകർപ്പൻ പ്രകടനത്തിന് ശേഷം വിജയ വഴിയിലേക്ക് മാർച്ച് ചെയ്ത് ഓസ്ട്രിയ. സാക്ഷാൽ റോബർട്ടോ  ലെവൻഡോസ്‌കിയുടെ പോളണ്ടിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തുരത്തിയാണ് ഓസ്ട്രിയ യൂറോയിലെ മിന്നും പ്രകടനം തുടരുന്നത്. മറ്റൊരു മത്സരത്തിൽ സ്ലോവാക്യക്കെതിരെ ഉക്രെയിൻ പിന്നിൽ നിന്നും പൊരുതിക്കയറി വിജയം പിടിച്ചെടുത്തു. ഫ്രാൻസും നെതർലാൻഡ്‌സുമായുള്ള നിർണായക പോരാട്ടം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

ഓസ്ട്രിയ – പോളണ്ട്

യൂറോകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഓസ്ട്രിയ. തുടരെ രണ്ട് തോൽവി വഴങ്ങിയതോടെ ഗ്രൂപ്പിൽ ലെൻഡോവ്‌സ്‌കിയുടേയും സംഘത്തിന്റേയും നില പരുങ്ങലിലായി. ഓസ്ട്രിയക്കായി ഗ്യാനേത് ത്രൗണർ, ക്രിസ്റ്റഫർ ബോംഗാർട്ട്‌നർ, മാർസൽ സബിസ്റ്റർ എന്നിവർ ഗോൾനേടി. പോളണ്ടിനായി ക്രിസ്റ്റസ് പിയോടെക്ക് ആശ്വാസ ഗോൾകണ്ടെത്തി.

ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവിലൂടെ ജയവും മൂന്ന് പോയന്റും ഓസ്ട്രിയ പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെ വിറപ്പിച്ചു കീഴടങ്ങിയ ടീം, പോളണ്ടിനെതിരെയും ഇതേ പ്രകടനം ആവർത്തിച്ചു. ഓസ്ട്രിയക്ക് അനുകൂലമായി ലഭിച്ച കോർണറിൽ നിന്നാണ് ആദ്യ ഗോൾ പിറന്നത്. ഫിലിപ് മെന്വെ നൽകിയ ത്രോ പോളണ്ട് പ്രതിരോധത്തിൽ തട്ടി തിരികെതാരത്തിലേക്കുതന്നെയെത്തി. തുടർന്ന് ബോക്‌സിലുണ്ടായിരുന്ന ഗ്യാനോത്തിന് പന്ത് നൽകുകയും ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കുകയുമായിരുന്നു. 30ാം മിനിറ്റിൽ മറുപടി ഗോളെത്തി.

സ്‌ട്രൈക്കർ ക്രിസ്റ്റഫ് പിയോടെകിന്റെ ഷോട്ട് ഓസ്ട്രിയൻ ഗോൾകീപ്പറെ മറികടന്ന് വലയിൽ കയറി. 67ാം മിനിറ്റിൽ ക്രിസ്റ്റഫർ ബോംഗാർട്ട്‌നറിലൂടെ ഓസ്ട്രിയ വീണ്ടും മുന്നിലെത്തി. 78ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മാർക്കോ അർനോട്ടോവിച് മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. പോളിഷ് പ്രതിരോധത്തെ മറികടന്ന് മാർസൽ സബിസ്റ്റർ നടത്തിയ നീക്കം പോളിഷ് കീപ്പർ ഷെസ്‌നി തടയുന്നതിനിടെ സബിസ്റ്റർ നിലത്തുവീഴുകയായിരുന്നു. അവസാന 30 മിനിറ്റിൽ പോളിഷ് സൂപ്പർ താരം ലെവൻഡോവ്‌സ്‌കി കളത്തിലിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

ഫ്രാൻസ് -നെതർലൻഡ്സ്

ഗ്രൂപ്പ് ഡിയിലെ ഗ്ളാമർ പോരാട്ടത്തിൽ  ഫ്രാൻസും  നെതർലാൻഡ്‌സും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. എംബാപ്പെയുടെ അഭാവത്തിൽ ഇറങ്ങിയ ഫ്രാൻസിന് ആക്രമണങ്ങളിൽ മൂർച്ച കുറവായിരുന്നു. നാല് ദിവസം മുമ്പ് ഓസ്ട്രിയയ്‌ക്കെതിരെ 1-0 ന് ഫ്രാൻസിൻ്റെ ഓപ്പണിംഗ് വിജയത്തിൽ മൂക്ക് തകർന്ന ഫ്രഞ്ച് ക്യാപ്റ്റൻ എംബാപ്പെ കളത്തിൽ ഇറങ്ങിയതേയില്ല  .

ഡച്ചിനായി സാവി സൈമൺസ് നേടിയ  ഒരു ഗോൾ വിവാദപരമായി ഒഴിവാക്കി. അതേസമയം അൻ്റോയിൻ ഗ്രീസ്മാൻ ഫ്രാൻസിനായി രണ്ട് മഹത്തായ അവസരങ്ങൾ പാഴാക്കി. ഈ സമനിലയോടെ നാല് പോയിന്റ് വീതവുമായി നെതർലാൻഡ്സും ഫ്രാൻസും പ്രീ ക്വർട്ടർ സാധ്യത ഏറെക്കുറെ ഉറപ്പിച്ചു. ഗോൾ ശരാശരിയുടെ പിൻബലത്തിൽ നെതർലൻഡ്സ്  ആണ് ഗ്രൂപ്പിൽ ഒന്നാമത്. മൂന്നു പോയിന്റുള്ള ഓസ്ട്രിയ മൂന്നാമതും പോളണ്ട് അവസാന സ്ഥാനത്തുമാണ്. അവസാന ഗ്രൂപ് മത്സരത്തിൽ ഫ്രാൻസാണ് പോളണ്ടിന്റെ എതിരാളികൾ. ഓസ്ട്രിയക്ക് നെതർലാൻഡ്‌സും.

ഉക്രെയ്ൻ- സ്‌ലൊവാക്യ

ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ സ്‌ലൊവാക്യയെ വീഴ്ത്തി ഉക്രെയ്ൻ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഉക്രെയ്ന്റെ ജയം. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്നു ഉക്രെയ്ൻ, രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം പിടിച്ചെടുത്തത്. 2012ൽ സ്വീഡനെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ച് 2–1ന് ജയിച്ചശേഷം ഉക്രെയ്ൻ സമാന രീതിയിൽ ജയിക്കുന്നത് ഇതാദ്യമാണ്.

ഉക്രെയ്നായി മിക്കോള ഷപാരെങ്കോ (54–ാം മിനിറ്റ്), റോമൻ യാരെംചുക് (80–ാം മിനിറ്റ്) എന്നിവർ ഗോൾ നേടി. സ്‌ലൊവാക്യയുടെ ഏക ഗോൾ 17–ാം മിനിറ്റിൽ ഇവാൻ റാൻസ് നേടി. വിജയത്തോടെ ഗ്രൂപ്പിൽ റുമാനിയയ്ക്കു പിന്നിൽ ഉ രെയ്ൻ രണ്ടാം സ്ഥാനത്തെത്തി. ഈ യൂറോയിൽ ഉക്രെയ്ന്റെ ആദ്യ ജയവും സ്‌ലൊവാക്യയുടെ ആദ്യ പരാജയവുമാണിത്. ആദ്യ മത്സരത്തിൽ സ്‌ലൊവാക്യ കരുത്തരായ ബെൽജിയത്തെ അട്ടിമറിച്ചിരുന്നു. അതേസമയം, ഉക്രെയ്ൻ ആദ്യ മത്സരത്തിൽ റുമാനിയയോട് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കു തോറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button