രാജ്യത്തിന് ഭീഷണി ഉയർത്തുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇസ്രായേലിനെ ഉൾപ്പെടുത്തി നെതർലാൻഡ്‌സ്

ആംസ്റ്റര്‍ഡാം : രാജ്യത്തിന് ഭീഷണി ഉയർത്തുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യമായി ഇസ്രായേലിനെ ഉൾപ്പെടുത്തി നെതർലാൻഡ്‌സ്. രാജ്യത്തെ ഭീകരവിരുദ്ധ ഏജൻസിയായ ഡച്ച് നാഷണൽ കോർഡിനേറ്റർ ഫോർ സെക്യൂരിറ്റി ആൻഡ് കൗണ്ടർ ടെററിസം (എന്‍സിടിവി) ആണ് ഇസ്രായേലിനെകൂടി ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
തെറ്റായ പ്രചാരണങ്ങളിലൂടെ നെതർലൻഡ്‌സിലെ പൊതുജനാഭിപ്രായത്തെയും നയത്തെയും കൃത്രിമമായി സ്വാധീനിക്കാന്‍ ഇസ്രായേൽ ശ്രമിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി, കഴിഞ്ഞ വർഷം ഒരു ഇസ്രായേലി മന്ത്രാലയം ഡച്ച് പത്രപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും അനൗദ്യോഗിക മാർഗങ്ങളിലൂടെ ഒരു ഡോക്യുമെന്റ് വിതരണം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡച്ച് പൗരന്മാരുടെ സ്വകാര്യ വിവരങ്ങളും ഇതിലുണ്ടായിരുന്നു.
ഇസ്രായേൽ ഫുട്ബോൾ ടീമായ ‘മക്കാബി തെല്‍ അവീവ്’, 2024 നവംബറിൽ ആംസ്റ്റർഡാമിൽ( നെതര്‍ലാന്‍ഡ്സിന്റെ തലസ്ഥാനം) വെച്ച് നടന്നൊരു മത്സരത്തില്‍ തോറ്റിരുന്നു. ഇതില്‍ പ്രകോപിതരായ ടീം ആരാധകര്‍ നാട്ടുകാരുമായി കൊമ്പ് കോര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡച്ച് പൗരന്മാരെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങളിലേക്ക് ഇസ്രായേല്‍ കടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി)ക്കെതിരെ ഇസ്രായേലിൽ നിന്നും യുഎസിൽ നിന്നും വർദ്ധിച്ചുവരുന്ന ഭീഷണികളെക്കുറിച്ചുള്ള ആശങ്കകളും എൻസിടിവി ഉയർത്തുന്നുണ്ട്. ഈ ഭീഷണികൾ കോടതിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലി സ്പൈവെയറുകളെക്കുറിച്ചും നിരീക്ഷണ ഉപകരണങ്ങളെക്കുറിച്ചും എൻസിടിവി മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ചാരവൃത്തി വിഭാഗത്തിൽ ഇസ്രായേലിനെ പരാമർശിച്ചിരുന്നില്ല. എന്നാല്‍ ഇതാദ്യമായാണ് രാജ്യത്തെ പ്രധാന ഭീകരവിരുദ്ധ ഏജൻസി ഇസ്രായേല്‍ ഒരു ഭീഷണിയാണെന്ന് വ്യക്തമാക്കുന്നത്.
അതേസമയം ഇസ്രായേലിലെ തീവ്രവലതുപക്ഷ നേതാക്കളും മന്ത്രിമാരുമായ ബെന്‍ ഗിവറിനെയും ബെസലേൽ സ്മോട്രിച്ചിനെയും നെതര്‍ലാന്‍ഡ്സില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യയില്‍ പ്രതിഷേധിച്ചായിരുന്നു നെതര്‍ലാന്‍ഡ്സിന്റെ നടപടി.