‘സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ എന്തുവില കൊടുത്തും ചെറുക്കും’; നെതന്യാഹു

ഗസ്സ സിറ്റി : ഗസ്സയെ വിഭജിച്ച് ഇസ്രായേലി -അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ നിർമിക്കാനുള്ള വൻ സൈനിക പദ്ധതിയുമായി അമേരിക്ക രംഗത്തു വന്നതായി റിപ്പോർട്ട്. ഫലസ്തീനികൾ ഗസ്സയുടെ പകുതിയിൽ താഴെ മാത്രം വിസ്തീർണമുള്ള റെഡ് സോണിലേക്ക് പൂർണമായി ഒതുക്കപ്പെടുന്നതാണ് പദ്ധതിയെന്ന് യു.എസ് സൈനിക ആസൂത്രണ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഗാർഡിയൻ’ പത്രം റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര സേനാ വിന്യാസവുമായി ബന്ധപ്പെട്ട കരട് പ്രമേയം ഇന്ന് യു.എൻ രക്ഷാസമിതി ചർച്ചക്കെടുക്കും. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചു. ദക്ഷിണ ലബനാനിൽ ഇസ്രായേൽ അധിനിവേശം നടത്തിയ ഭൂമിയിൽ പുതുതായി നിർമിക്കുന്ന മതിലിനെതിരെ യു.എൻ രക്ഷാസമിതിയിൽ പരാതി നൽകുമെന്ന് ലബനാൻ സർക്കാർ അറിയിച്ചു.
അതിനിടെ, ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ഖാൻ യൂനുസിൽ നടന്ന ബോംബിങ്ങിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിൽ ഒരു കുഞ്ഞിനെയും സേന വെടിവെച്ചു കൊന്നു. മൂന്നു ദിവസത്തിനിടെ 17 മൃതദേഹങ്ങൾ ഗസ്സയിലെ ആശുപത്രികളിലെത്തിയതോടെ ഇസ്രായേൽ അധിനിവേശത്തിൽ മരണസംഖ്യ 69,483 ആയി ഉയർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നടത്തിയ തെരച്ചിലിലാണ് 15 മൃതദേഹങ്ങൾ ലഭിച്ചത്. ഒക്ടോബർ പത്തിന് വെടിനിർത്തൽ നടപ്പായ ശേഷം മാത്രം ഗസ്സയിൽ 266 പേർ കൊല്ലപ്പെട്ടു.
ശക്തമായ മഴയും കാറ്റും മൂലം ഗസ്സയിൽ താൽക്കാലിക വസതികളിൽ കഴിഞ്ഞു വന്ന പതിനായിരങ്ങൾ കടുത്ത ദുരിതത്തിലാണ്.ബദൽ താമസ സൗകര്യങ്ങൾ അനുവദിച്ചില്ലെങ്കിൽ അവസ്ഥ കൂടുതൽ ദയനീയമായി മാറുമെന്ന് ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ പറഞ്ഞു. ടെന്റുകളിൽ നിന്ന് വെള്ളം ഒഴുക്കിക്കളയുന്നതിനും ഖരമാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുമുള്ള ഉപകരണങ്ങളൊന്നും ഗസ്സയിലില്ലെന്ന് യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പ്രതികരിച്ചു. ഗസ്സയിലെ 1.4 ദശലക്ഷത്തിലധികം ആളുകൾക്ക് അടിയന്തര ഷെൽട്ടർ ഇനങ്ങൾ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് അറിയിച്ചു.



