ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് നെതന്യാഹു

ടെൽ അവീവ് : ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പ്രതിരോധ സേനയ്ക്കുളളിൽ നിന്നുളള എതിർപ്പുകൾ അവഗണിച്ചാണ് നെതന്യാഹുവിന്‍റെ നീക്കം. ഗാസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ പിന്തുണ തേടുമെന്ന് നെതന്യാഹു പറഞ്ഞതായി ഇസ്രയേല്‍ മന്ത്രിമാര്‍ പറഞ്ഞു.
ഗാസയിലെ പൂര്‍ണ്ണ അധിനിവേശത്തിന് ഇസ്രയേല്‍ പ്രതിരോധ സേന എതിര്‍പ്പറിയിച്ചിരുന്നു. ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളില്‍ കരസേനാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നത് അവശേഷിക്കുന്നവരുടെ ജീവന്‍ അപായപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ഐഡിഎഫ് നല്‍കുന്നത്.
ബന്ദികള്‍ക്കൊപ്പം സൈനികരുടെ ജീവനും കൂടുതല്‍ അപകടത്തിലാക്കുന്ന നീക്കമായിരിക്കുമെന്ന മുന്നറിയിപ്പും ഐഡിഎഫ് നല്‍കിയിട്ടുണ്ട്.ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്‍റ് ജനറല്‍ ഇയാല്‍ സമീര്‍ സമ്പൂര്‍ണ്ണ അധിനിവേശത്തെ എതിര്‍ത്താല്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടി വരുമെന്ന് നെതന്യാഹുവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.