ചെങ്കടലായി നേപ്പാൾ; 70000 പേരെ അണിനിരത്തി നേപ്പാളിൽ വൻ ശക്തിപ്രകടനം നടത്തി കമ്യൂണിസ്റ്റ് പാർട്ടി

കാഠ്‌മണ്ഡു : ജെൻ-സി പ്രതിഷേധത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട നേപ്പാളിൽ വൻ ശക്തിപ്രകടനം നടത്തി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്). തലസ്ഥാനമായ കാഠ്മണ്ഡുവിനടുത്തുള്ള ഭക്തപൂരിൽ നടന്ന റാലിയിൽ 70,000 പേർ പങ്കെടുത്തതായി പോലീസ് വ്യക്തമാക്കി. മൂന്ന് ലക്ഷം പേർ അണിനിരക്കുമെന്നാണ് സംഘാടകർ വ്യക്തമാക്കിയിരുന്നതെങ്കിലും അധികാരം നഷ്ടപ്പെട്ട ശേഷം പാർട്ടിയുടെ പ്രവർത്തകർ ഒന്നടങ്കം തെരുവിലിറങ്ങിയ ആദ്യത്തെ റാലിയാണിത്.
ജെൻ-സി പ്രതിഷേധത്തിന് ശേഷം രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടി നടത്തിയ ഏറ്റവും വലിയ റാലി കൂടിയായി ഇത് മാറി. മൂന്ന് മാസം മുമ്പ് യുവാക്കളുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന് പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജ്യം വിട്ടിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ 77 പേർ കൊല്ലപ്പെടുകയും രണ്ടായിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് കണക്ക്. പ്രധാനമന്ത്രിയുടെ ഓഫീസിനും സുപ്രീം കോടതിക്കും പാർലമെൻ്റിനും പ്രതിഷേധക്കാർ തീയിട്ടിരുന്നു.
മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നേപ്പാൾ പാർലമെൻ്റ് പിരിച്ചുവിട്ട് അടുത്ത മാർച്ച് അഞ്ചിന് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് റാലി നടത്തിയത്. ജെൻ-സി വിരുദ്ധരല്ല തങ്ങളെന്നും പുറത്താക്കപ്പെട്ട ശേഷവും രാജ്യത്തെ ജനങ്ങൾക്കിടയിൽ പാർട്ടിക്കുള്ള സ്വീകാര്യത വെളിവാക്കുന്നതാണ് റാലിയിലെ ജനപങ്കാളിത്തമെന്നും പാർട്ടി ജനറൽ സെക്രട്ടറി ശങ്കർ പൊഖ്രെൽ പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം പുതിയ പാർട്ടി അധ്യക്ഷനെ തിങ്കളാഴ്ച തെരഞ്ഞെടുക്കും. കെപി ശർമ ഒലിക്കെതിരെ ഈശ്വർ പൊഖാരേലാണ് പാർട്ടി അംഗങ്ങൾക്കിടയിൽ നിന്ന് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 2000 ത്തോളം പാർട്ടി അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത്. ഈ വോട്ടെടുപ്പിൽ ജയിക്കുന്നയാൾ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നേപ്പാളിൽ പാർട്ടിയെ നയിക്കും.



