യുഎസുമായുള്ള ചർച്ച പരാജയം; യൂറോപ്യൻ സേന ഗ്രീൻലൻഡിലേക്ക്

നൂക്ക് : ഡെൻമാർക്കിന്റെ അധീനതയിലുള്ള സ്വതന്ത്ര പ്രദേശമായ ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച സാഹചര്യത്തിൽ ഉത്തരധ്രുവത്തിലെ ദ്വീപിനു സുരക്ഷ ശക്തമാക്കുമെന്നു പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ പ്രഖ്യാപിച്ചു. വിവിധ യൂറോപ്യൻ രാജ്യങ്ങൾ സൈനികരെ ഗ്രീൻലൻഡിലേക്ക് അയച്ചിട്ടുണ്ട്. വിഷയത്തിൽ ബുധനാഴ്ച ഡെൻമാർക്ക്, ഗ്രീൻലൻഡ് വിദേശകാര്യമന്ത്രിമാർ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസുമായി നടത്തിയ ചർച്ച വിജയിച്ചില്ല.
യുഎസ് നീക്കം തടയാനുള്ള ശ്രമം തുടരുമെന്നു മാത്രമാണു യോഗത്തിനുശേഷം ഡാനിഷ് പ്രധാനമന്ത്രി മെറ്റ ഫ്രെഡറിക്സൻ പറഞ്ഞത്. ധാതുസമ്പന്നവും തന്ത്രപ്രധാനവുമായ ദ്വീപ് യുഎസ് സുരക്ഷയ്ക്ക് അനിവാര്യമാണെന്നും ചൈനയോ റഷ്യയോ ഇതു കയ്യേറുന്നതു തടയാൻ യുഎസ് വേണമെന്നും ട്രംപ് പറഞ്ഞു.
ഫ്രാൻസും ജർമനിയുമാണ് സൈനികരെ അയച്ചത്. ബ്രിട്ടനും സ്വീഡനും നോർവേയും പങ്കുചേരും. വരും ആഴ്ചകളിൽ ഗ്രീൻലൻഡ് സ്ഥിതി ചെയ്യുന്ന ഉത്തരധ്രുവ മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കാൻ ഡാനിഷ് സായുധസേന ഒരുക്കം തുടങ്ങി. മേഖലയിൽ നാറ്റോ സൈനികനീക്കത്തിനെതിരെ റഷ്യ രംഗത്തുവന്നു.



