സൗദി-യുഎഇ രാഷ്ട്രീയ തർക്കം : യമനിലെ സോക്കോത്ര ദ്വീപിൽ 600 ഓളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

സന : യമൻ വൻകരയിൽ സായുധ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതോടെ, യമനിലെ ഒറ്റപ്പെട്ട ദ്വീപായ സോക്കോത്രയിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. സൗദി അറേബ്യയും യുഎഇ തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണം.
സൗദി അറേബ്യ നൽകിയ സമയപരിധിക്ക് പിന്നാലെ കഴിഞ്ഞ ആഴ്ച യുഎഇ തങ്ങളുടെ സൈന്യത്തെ യമനിൽ നിന്ന് പിൻവലിച്ചിരുന്നു. ഇതോടെ സോക്കോത്ര വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎഇക്ക് നഷ്ടമായി. പുതുവത്സരാഘോഷങ്ങൾക്കായി ദ്വീപിലെത്തിയ 400 മുതൽ 600 വരെ വിനോദസഞ്ചാരികളാണ് ഇപ്പോൾ മടങ്ങിപ്പോകാനാവാതെ ബുദ്ധിമുട്ടുന്നത്.
ഒന്നിനെക്കുറിച്ചും ആർക്കും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും, എല്ലാവർക്കും തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങണം എന്ന് മാത്രമേയുള്ളൂ എന്നും ദ്വീപിൽ കുടുങ്ങിയ ലിത്വാനിയൻ വിനോദസഞ്ചാരിയായ ഔറേലിജ ക്രിക്സ്റ്റാപോനീൻ റോയിട്ടേഴ്സിനോട് പറഞ്ഞു. അബുദാബിയിലേക്ക് മടങ്ങാനായിരുന്നു ഔറേലിജ പദ്ധതിയിട്ടിരുന്നതെങ്കിലും വിമാന റൂട്ടുകൾ പുനർക്രമീകരിക്കുന്നതിനാൽ ഇനി ജിദ്ദ വഴി യാത്ര ചെയ്യേണ്ടി വന്നേക്കും. പലരുടെയും കൈവശമുള്ള പണം തീർന്നുതുടങ്ങുകയാണ്.
ദ്വീപിൽ എടിഎമ്മുകളോ കാർഡ് പേയ്‌മെന്റ് മെഷീനുകളോ ഇല്ലാത്തത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. പണം തീർന്നാൽ പ്രാദേശിക നിവാസികളുടെ സഹായം തേടേണ്ടി വരുമെന്ന ആശങ്കയിലാണ് വിനോദസഞ്ചാരികൾ. പോളണ്ട്, ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 416 പേർക്കൊപ്പം അറുപതിലേറെ റഷ്യൻ പൗരന്മാരും കുടുങ്ങിക്കിടക്കുന്നവരിൽ ഉൾപ്പെടുന്നതായാണ് വിവരം.
വൻകരയിൽ നിന്ന് 300 കിലോമീറ്റർ അകന്നു കിടക്കുന്ന സോക്കോത്ര ദ്വീപ്, യമൻ ആഭ്യന്തരയുദ്ധകാലം മുതൽ അവിടുത്തെ മനോഹരമായ കടൽതീരങ്ങൾക്കും ‘ഡ്രാഗൺ ബ്ലഡ് ട്രീ’ പോലുള്ള അപൂർവ സസ്യജാലങ്ങൾക്കും പേരുകേട്ടതാണ്. എന്നാൽ ഇതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇതിനെ ഒരു തന്ത്രപ്രധാന മേഖലയാക്കി മാറ്റുന്നു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 2020 മുതൽ യുഎഇ പിന്തുണയുള്ള സതേൺ ട്രാൻസിഷണൽ കൗൺസിൽ (STC) ആണ് ദ്വീപിന്റെ ഭരണം നിയന്ത്രിക്കുന്നത്. എന്നാൽ ഇപ്പോൾ എസ്ടിസി സൈന്യവും സൗദി പിന്തുണയുള്ള സർക്കാർ സൈന്യവും തമ്മിലുള്ള പോരാട്ടം കടുത്തതോടെയാണ് വിമാന സർവീസുകൾ മുടങ്ങിയത്.
വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ വിവിധ രാജ്യങ്ങളുടെ എംബസികൾ സൗദി-യമൻ സർക്കാരുകളുമായി ചർച്ച നടത്തുന്നുണ്ട്. കടൽമാർഗ്ഗം ഒമാനിലേക്ക് പോയി അവിടെനിന്ന് വിമാനത്തിൽ കയറാൻ ചിലർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, അപകടസാധ്യതയുള്ള സമുദ്രയാത്രയ്ക്ക് പലരും തയ്യാറല്ല.
സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടാൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ കൃത്യമായ സമയപരിധി നൽകിയിട്ടില്ല. അതുവരെ,സഞ്ചാരികള്‍ കാത്തിരിപ്പ് തുടരുകയാണ്.
യമൻ ആഭ്യന്തരയുദ്ധത്തിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ ഒന്നിച്ച് പോരാടിയ സഖ്യകക്ഷികളായിരുന്നു സൗദിയും യുഎഇയും. എന്നാൽ കാലക്രമേണ ഇവരുടെ താൽപ്പര്യങ്ങൾ ഭിന്നിച്ചു. സൗദി അറേബ്യ യമനിലെ ഔദ്യോഗിക സർക്കാരിനെ പിന്തുണയ്ക്കുമ്പോൾ, യുഎഇ പിന്തുണയ്ക്കുന്നത് ദക്ഷിണ യമന്റെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന എസ്ടിസി എന്ന വിഘടനവാദി ഗ്രൂപ്പിനെയാണ്.
കഴിഞ്ഞ ആഴ്ചകളിൽ എസ്ടിസി കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്തതോടെ സൗദി അവർക്കെതിരെ വ്യോമാക്രമണം നടത്തി. ഇതിനെത്തുടർന്നാണ് യുഎഇ സൈന്യത്തെ പിൻവലിച്ചതും ദ്വീപിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതും. വൻശക്തികൾ തമ്മിലുള്ള ഈ അധികാര വടംവലിയിൽ ഇപ്പോൾ ബലിയാടായിരിക്കുന്നത് നൂറുകണക്കിന് വിദേശ വിനോദസഞ്ചാരികളാണ്.



