മുട്ട വിലവർധന; മുട്ടക്കായി യൂറോപ്യൻ രാജ്യങ്ങളുടെ വാതില്‍ക്കൽ മുട്ടി അമേരിക്ക

ന്യൂയോർക്ക് : കോഴി മുട്ട വില വർധനയിൽ വലയുകയാണ് അമേരിക്കൻ ജനത. അടുത്തെങ്ങും കേട്ടുകേൾവിയില്ലാത്ത വിധമാണ് മുട്ട വില വർധിക്കുന്നത്. അമേരിക്കൻ കോൺഗ്രസിനെ ആദ്യമായി അഭിസംബോധന ചെയ്തപ്പോഴും മുട്ട വില നിയന്ത്രിക്കുമെന്നും വേണ്ടത് ചെയ്യുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ബൈഡനാണ് മുട്ട വില വര്‍ധിക്കാന്‍ കാരണമെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം മുട്ട വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സമീപ രാജ്യത്ത് നിന്നും മുട്ട ചോദിച്ചിരിക്കുകയാണ് അമേരിക്ക. എന്നാൽ അമേരിക്കയുടെ ആവശ്യം നിരസിച്ചിരിക്കുകയാണ് ഫിൻലാൻഡ്. നിയന്ത്രണങ്ങളും വിതരണത്തിലെ പരിമിതികളുമൊക്കെ ചൂണ്ടിക്കാട്ടിയാണ് യുഎസിലേക്ക് മുട്ട കയറ്റുമതി ചെയ്യാൻ ഫിൻലാൻഡ് വിസമ്മതിച്ചത്. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് (യുഎസ്ഡിഎ) ആണ് നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ സമീപിച്ചത്.
പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് അമേരിക്കൻ വിപണിയിൽ കടുത്ത മുട്ട ക്ഷാമം അനുഭവപ്പെട്ടത്. വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200% ഉയർന്നു. ഒരു ഡസന്‍ മുട്ടക്ക് എക്കാലത്തെയും ഉയർന്ന നിരക്കായ 8.41 ഡോളറിലെത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനിടയിലാണ് ഇറക്കുമതിക്കായി ഫിൻലാൻഡ്, സ്വീഡൻ, ഡെൻമാർക്ക് എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളുടെ വാതില്‍ അമേരിക്ക മുട്ടിയത്. യുഎസ്ഡിഎ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഫിന്നിഷ് പൗൾട്രി അസോസിയേഷൻ സ്ഥിരീകരിച്ചെങ്കിലും കയറ്റുമതി നിലവിൽ സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. ഫിന്‍ലന്‍ഡിന് നിലവില്‍ യുഎസിലേക്ക് മുട്ട കയറ്റുമതി ചെയ്യാനാവശ്യമായ അനുമതിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഫിന്‍ലാന്‍ഡിലെ മുട്ടകൊണ്ടും അമേരിക്കയുടെ പ്രതിസന്ധി മറികടക്കാനാവില്ലെന്നും ഫിന്‍ലാന്‍ഡ് ചൂണ്ടിക്കാട്ടി.
അതേസമയം മുട്ട വില കുതിച്ചുയരുന്നതിലും പിടിച്ചുനിർത്താനാവാത്തതിലും ട്രംപിനെതിരെ വിമർശനം ഉയർന്നു. വിദേശ നയത്തിലെ പാളിച്ചയെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡെന്മാർക്കിന് കീഴിലുള്ള ഗ്രീൻലാൻഡിന് മേൽ അവകാശവാദം ഉന്നയിക്കുകയും അത് പിടിച്ചടക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്ന ട്രംപ് ഇപ്പോൾ മുട്ട ചോദിച്ച് ഡെന്മാർക്കിന്റെ വാതിലിൽ മുട്ടിയിരിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നു. മറ്റു രാജ്യങ്ങളെ നികുതിയിൽ കുരുക്കി വിലസുന്ന അമേരിക്കയ്ക്ക് ഇപ്പോൾ സഹായം ആവശ്യമായി വന്നിരിക്കുന്നുവെന്നും ചിലര്‍ പറഞ്ഞു.