അന്തർദേശീയം

മെച്ചപ്പെട്ട വേതനത്തിനും തൊഴിൽ സാഹചര്യത്തിനും വേണ്ടി ന്യൂസിലാൻഡിൽ രാജ്യവ്യാപക പണിമുടക്ക്

വെല്ലിങ്ടൺ : രാജ്യവ്യാപക പണിമുടക്കുകളുടെ ഭാഗമായി വ്യാഴാഴ്ച ആയിരക്കണക്കിന് ആളുകൾ ന്യൂസിലാൻഡിലെ തെരുവുകളിൽ മാർച്ച് നടത്തി. ശമ്പളത്തെയും വ്യവസ്ഥകളെയും ചൊല്ലിയുള്ള വർധിച്ചുവരുന്ന കടുത്ത അമർഷങ്ങളെ തുടർന്ന് നിരവധി മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ ജോലി വിട്ടിറങ്ങി നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ചു. നാലു പതിറ്റാണ്ടിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ സമരമായി ഇതിനെ കണക്കാക്കുന്നു.

കുറഞ്ഞ വേതനം, ജീവനക്കാരുടെ കുറവ്, അവശ്യ വിഭവങ്ങളുടെ അഭാവം, ജീവനക്കാരുടെയും രോഗികളുടെയും കുട്ടികളുടെയും ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയായ തൊഴിൽ സാഹചര്യങ്ങൾ എന്നീ ആശങ്കകൾ ഉന്നയിച്ച് സഖ്യ സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് യൂനിയനുകൾ പണിമുടക്കിന് ആഹ്വനം ചെയ്തത്. പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ, പബ്ലിക് സർവിസ് അസോസിയേഷൻ, പോസ്റ്റ് പ്രൈമറി ഓർഗനൈസേഷൻ, ന്യൂസിലാൻഡ് നഴ്‌സ് ഓർഗനൈസഷൻ, എ.എസ്.എം.എസ് (അസോസിയേഷൻ ഓഫ് സാലറിഡ് മെഡിക്കൽ സ്പെഷ്യലിസ്റ്) എന്നിവരാണ് പണിമുടക്കിന് നേതൃത്വം നൽകിയത്.

പണിമുടക്കുന്നവരിൽ ഡോക്ടർമാർ, നഴ്‌സുമാർ, സാമൂഹിക പ്രവർത്തകർ, പ്രൈമറി, സെക്കൻഡറി സ്‌കൂൾ അധ്യാപകർ എന്നിവരും ഉൾപ്പെടുന്നു. കാലാവസ്ഥ മോശമായതിനാൽ സൗത്ത് ഐലൻഡിലും ലോവർ നോർത്ത് ഐലൻഡിലും നിരവധി റാലികൾ റദ്ദാക്കി.

മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, മെച്ചപ്പെട്ട വേതനം, ജീവനക്കാരുടെ സുരക്ഷിതമായ നിലവാരം തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു. ശമ്പളം കുറവും അമിത ജോലിഭാരവുമുള്ള അധ്യാപകരാണ് ഞങ്ങളുടെ കൂടെയുള്ളതെന്നും അവർക്ക് പിന്തുണ ആവശ്യമാണെന്നും പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ പറഞ്ഞു.

‘രാജ്യത്ത് മരുന്നുകളുടെ കുറവുണ്ട്. രോഗികളുടെ സുരക്ഷയോർത്ത് ഞങ്ങൾ ആശങ്കയിലാണ്. ജീവനക്കാരുടെ അഭാവം ഇപ്പോഴുള്ള ജീവനക്കാർക്ക് അമിത ജോലിഭാരമായി മാറുന്നുണ്ട്’ -മരുന്നുകളുടെയും ജീവനക്കാരുടെയും അഭാവം ചൂണ്ടിക്കാട്ടി ഹോക്സ് ബേയിലെ നഴ്‌സായ നോറീൻ മക്കാലൻ പറഞ്ഞതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button