നാഷ്വിൽ-ഫ്ളോറിഡ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് വഴിതിരിച്ച് വിട്ടു

യുഎസിലെ നാഷ്വില്ലിൽ നിന്ന് പുറപ്പെട്ട യാത്രാവിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് വഴിതിരിച്ച് വിട്ടു. നാഷ്വില്ലിൽ നിന്ന് ഫ്ളോറിഡയിലേക്ക് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 2094നാണ് സുരക്ഷാ ഭീഷണി ഉണ്ടായത്. യാത്രയ്ക്കിടെ ഒരു യാത്രക്കാരനുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്നം ഉണ്ടായേക്കാമെന്ന് വിമാന ജീവനക്കാർ റിപ്പോർട്ടിനെ തുടർന്ന് ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു.
വിമാനം ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതിന് ശേഷം ആയുധധാരികളായ പൊലീസ് വിമാനത്തിൽ നിന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ യാത്രക്കാരെ എല്ലാവരെയും അവരുടെ സീറ്റുകളിൽ ഇരുന്നുകൊണ്ട് കൈകൾ ഉയർത്തി ഇരിക്കാൻ പൊലീസ് നിർദേശിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ പൊലീസുകാർ ആ വ്യക്തിയെ വിമാനത്തിൽ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും അധികാരികൾ കാബിൻ സുരക്ഷിതമാക്കുന്നതും കാണാം.
FBI നടത്തിയ അന്വേഷണത്തിൽ വിശ്വസനീയമായ ബോംബ് ഭീഷണി ഒന്നും കണ്ടെത്തിയില്ല. സുരക്ഷാ പരിശോധനയിൽ അപകടകാരിയായ യാതൊരു വസ്തുവും കണ്ടെത്തിയില്ലന്ന് പിന്നീട് ഉദ്യോഗസ്ഥർ അറിയിച്ചു: ശേഷം യാത്രക്കാരെ മറ്റൊരുവിമാനത്തിൽ ഫോർട്ട് ലോഡർഡേലിലേക്ക് യാത്ര തുടരാൻ മാറ്റുകയും ചെയ്തു.



