അന്തർദേശീയം

ക്രൂ അംഗത്തിന്റെ ആരോഗ്യനില ഗുരുതരം, ബഹിരാകാശ നടത്തം മാറ്റിവെച്ചു, ദൗത്യം വെട്ടിച്ചുരുക്കുന്നതായി നാസ

വാഷിങ്ടണ്‍ ഡിസി : ബഹിരാകാശ യാത്രികന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ദൗത്യം വെട്ടിച്ചുരുക്കാന്‍ നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ക്രൂ അംഗത്തിന്റെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നേരത്തെ തീരുമാനിച്ചതിലും ഒരു മാസം മുമ്പ് നാസ യാത്രികരെ തിരികെ എത്തിക്കും.

രോഗബാധിതനായ ബഹിരാകാശയാത്രികനെയും മൂന്ന് ക്രൂ അംഗങ്ങളെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനാണ് നാസ തീരുമാനിച്ചിരിക്കുന്നത്. അതേസമയം രോഗബാധിതനെ കുറിച്ചോ രോഗത്തെ കുറിച്ചോ നാസ കൂടുതല്‍ വിവരങ്ങള്‍ നാസ പുറത്തുവിട്ടിട്ടില്ല. മെഡിക്കല്‍ വിദഗ്ധര്‍ക്കൊപ്പം യാത്രികനെ തിരിച്ചയക്കാന്‍ തീരുമാനിച്ചതായി വാഷിംഗ്ടണില്‍ നടന്ന പത്രസമ്മേളനത്തില്‍ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രോഗം ശരിയായി നിര്‍ണ്ണയിക്കാനും ചികിത്സിക്കാനുമുള്ള സൗകര്യങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലില്ല അദ്ദേഹം പറഞ്ഞു. ക്രൂ-11 ലെ നാല് ക്രൂ അംഗങ്ങളില്‍ ആര്‍ക്കാണ് മെഡിക്കല്‍ പ്രശ്നമോ അംഗത്തിന് എന്ത് തരത്തിലുള്ള അസുഖമോ ഉള്ളതെന്ന് നാസയുടെ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടില്ല, വ്യക്തിയുടെ സ്വകാര്യതാ മുന്‍നിര്‍ത്തിയാണിതെന്ന് നാസയുടെ ചീഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഓഫീസര്‍ ജെയിംസ് പോള്‍ക്ക് പറഞ്ഞു.

ക്രൂ അംഗത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്ത് നാസ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ബഹിരാകാശനടത്തം മാറ്റിവച്ചു. മറ്റു സാഹചര്യങ്ങളെല്ലാം അനുകൂലമാണെങ്കിലും ക്രൂ അംഗങ്ങളുടെ സുരക്ഷയ്ക്കാണ് ഏജന്‍സി പ്രഥമപരിഗണന നല്‍കുന്നതെന്നും യാത്രികന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ബഹിരാകാശ നടത്തത്തിന്റെ പുതിയ തിയതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഏജന്‍സി വ്യക്തമാക്കി.

യാത്രികരായ മൈക്ക് ഫിങ്കെ, സെന കാര്‍ഡ്മാന്‍ എന്നിവര്‍ യുഎസ് സ്‌പേസ് വാക്ക് 94 നടത്താനാണ് തയ്യാറായിരുന്നത്. 6.5 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ ദൗത്യം രാവിലെ 8:00 മണിക്ക് ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനായി റോള്‍-ഔട്ട് സോളാര്‍ അറേകളുടെ അവസാന ജോഡി സ്ഥാപിക്കുകയെന്നതായിരുന്നു അവരുടെ പ്രധാന ദൗത്യം. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് മെഡിക്കല്‍ അടിയന്തരാവസ്ഥ കാരണം നാസ ഒരു ആസൂത്രിത ദൗത്യം വെട്ടിച്ചുരുക്കാന്‍ തീരുമാനിക്കുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button