അന്തർദേശീയം

184 ദിവസങ്ങൾക്കൊടുവിൽ റഷ്യൻ പേടകത്തിൽ ഭൂമിയിൽ കാലുകുത്തി നാസ പര്യവേക്ഷകയും സംഘവും

അസ്താന: 184 ദിവസങ്ങൾക്കൊടുവിൽ റഷ്യൻ പേടകത്തിൽ ഭൂമിയിൽ കാലുകുത്തി മുതിർന്ന നാസ ബഹിരാകാശ പര്യവേക്ഷക ട്രേസി സി ഡൈസൻ. ‘സോയസ്’ ബഹിരാകാശ പേടകത്തിലാണ് റഷ്യൻ പര്യവേക്ഷകർക്കൊപ്പം ട്രേസി തിരിച്ചെത്തിയത്. ആറു മാസത്തിലേറെ നീണ്ട അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ(ഐഎസ്എസ്) പര്യവേക്ഷണം പൂർത്തിയാക്കിയാണ് ഇവർ കസഖ്‌സ്താനിലെ ഷെസ്‌കസ്ഗാനിൽ ഇറങ്ങിയത്.

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിലെ നിക്കോളായ് ചബ്, ഒലെഗ് കൊനോനെങ്കോ എന്നിവരാണ് ട്രേസിക്കൊപ്പമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെയാണ് റഷ്യൻ പേടകമായ സോയസ് എംഎസ്-25ൽ ഇവർ ഭൂമിയിൽ കാലുകുത്തിയത്. കഴിഞ്ഞ മാർച്ച് 23നാണ് സോയസ് പേടകത്തിൽ ട്രേസി ഡൈസൻ റോസ്‌കോസ്‌മോസ് സഞ്ചാരി ഒലെഗ് നോവിറ്റ്‌സ്‌കിയ്ക്കും ബെലാറസ് ബഹിരാകാശ പര്യവേക്ഷക മരീന വാസിലെവ്‌സ്‌കായയ്ക്കുമൊപ്പം ഐഎസ്എസിലേക്ക് പുറപ്പെട്ടത്. മാർച്ച് 25ന് ഇവർ നിലയത്തിൽ ഇറങ്ങി. ഒലെഗും മരീനയും ഏപ്രിലിൽ തന്നെ ഭൂമിയിലേക്കു മടങ്ങിയപ്പോൾ ട്രേസി നിലയത്തിൽ തുടർന്നു. ഇവർക്കും മാസങ്ങൾ മുൻപ് നിലയത്തിലെത്തി 374 ദിവസമെന്ന പുതിയ റെക്കോർഡ് കുറിച്ച റഷ്യൻ പര്യവേക്ഷകർ നിക്കോളായ് ചബിനും ഒലെഗ് കൊനോനെങ്കോയ്ക്കുമൊപ്പമാണ് ഒടുവിൽ ട്രേസി മടങ്ങിയത്.

പാരച്യൂട്ടിൽ കസഖ്‌സ്താനിലെ ഷെസ്‌കസ്ഗാനിൽ ഇറങ്ങിയ ബഹിരാകാശ പര്യവേക്ഷകരെ ഉടൻ ഹെലികോപ്ടറിൽ മറ്റൊരു നഗരമായ കരഗണ്ടയിലെത്തിച്ചു. പിന്നീട് നാസ വിമാനത്തിൽ ട്രേസി ഹൂസ്റ്റണിലേക്കും റഷ്യൻ വിമാനത്തിൽ ചബും കൊനോനെങ്കോയും മോസ്‌കോയിലേക്കും തിരിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button