മ്യാന്‍മര്‍ ഭൂകമ്പം : മരണസംഖ്യ 2,056 ആയി, 3,900 പേര്‍ക്ക് പരിക്ക്, 270 പേര്‍ക്കായി തിരച്ചില്‍

നയ്പീഡോ : മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,056 ആയതായി സൈനിക ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തില്‍ 3,900 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷവും 270 പേരെ കൂടി കണ്ടെത്താനുള്ളതായി സൈനിക ഭരണകൂട വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
11 നിലയുള്ള 4 കെട്ടിടങ്ങള്‍ തകര്‍ന്നുവീണ സ്‌കൈ വില്ല മേഖലയില്‍ സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ഭൂചലനവും ചെറിയ ഭൂചലനങ്ങളും രൂപപ്പെട്ടു.
ഓപ്പറേഷന്‍ ബ്രഹ്മയുടെ ഭാഗമായി മ്യാന്‍മറിലെത്തിയ ഇന്ത്യന്‍ സംഘം നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അവശ്യ സാധനങ്ങളുമായി നാലു കപ്പലുകള്‍ ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചിട്ടുണ്ട്. റെയില്‍വേ, വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കാനായിട്ടില്ല. ഇന്ത്യ, ചൈന, സിംഗപ്പുര്‍ തുടങ്ങി വിവിധ രാജ്യങ്ങള്‍ മ്യാന്‍മറിനെ സഹായിക്കുന്നുണ്ട്. ഭൂകമ്പബാധിത പ്രദേശങ്ങളില്‍ താല്‍ക്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികള്‍ കരസേന ആരംഭിച്ചിട്ടുണ്ട്.