മുംബൈ ഭീകരാക്രമണ കേസ് : പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും
ഷിക്കാഗോ : മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും. കൈമാറ്റത്തിന് അനുമതി നൽകി യു എസ് സുപ്രിം കോടതി. കൈമാറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം. ഉത്തരവിനെതിരായ റാണയുടെ ഹർജി കോടതി തള്ളിയതിന് പിറകെയാണ് നടപടി.
പാകിസ്താൻ വംശജനായ തഹാവൂർ റാണ കനേഡിയൻ പൗരനാണ്. പാകിസ്താനിലെ സൈനിക ഡോക്ടറായിരുന്നു. പിന്നീടാണ് കാനഡയിലേക്ക് മാറുകയും അവിടെ പൗരത്വം നേടുകയും ചെയ്തത്. തുടർന്ന് അമേരിക്കയി ഷിക്കാഗോയിൽ എത്തി വേൾഡ് ഇമിഗ്രേഷൻ സെന്റർ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. ഇതിന്റെ മുംബൈയിലെ ബ്രാഞ്ചാണ് ഭീകരാക്രമണത്തിനായി ലക്ഷ്‌കർ ഭീകരർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നൽകിയതെന്നാണ് കണ്ടെത്തൽ. ഇതിന്റെ ഭാഗമായാണ് തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറണമെന്നും വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടത്.
ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് റാണ കോടതിയെ സമീപിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ഡിസംബർ 16ന് അമേരിക്കൻ സോളിസിറ്റർ ജനറൽ റാണയുടെ ഹർജി പരിഗണിക്കരുതെന്നും തള്ളണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളി കൈമാറ്റ ഉടമ്പടി കരാർ നിലനിൽക്കുന്നുണ്ട്. ഈ ഉടമ്പടി പ്രകാരമാണ് തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നത്. നടിപടികൾ പൂർത്തിയാകുന്നതോടെ തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കും.
2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹൽ പാലസ്, ഛത്രപതി ശിവാജി ടെർമിനൽ, നരിമാൻ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടൽ എന്നിവിടങ്ങളിൽ ഭീകരർ ആക്രമണം അഴിച്ചുവിട്ടു. മൂന്നു ദിവസം രാജ്യം ആശങ്കയുടെ മുൾമുനയിൽ നിന്നു. നംബർ 29-ന് രാവിലെ എട്ടുമണിയോടെ ഏറ്റുമുട്ടൽ അവസാനിച്ചു. 9 ഭീകരരെ സൈന്യം വധിച്ചു.
മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കർക്കറെ, മലയാളി എൻഎസ്ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ അടക്കം നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യുവരിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ 2012 നവംബർ 21-ന് തൂക്കിലേറ്റി.