അന്തർദേശീയം

ഇന്ത്യയ്ക്ക് കൈമാറുന്നത് എന്ന തഹാവൂർ റാണയുടെ ആവശ്യം യുഎസ് സുപ്രീംകോടതി തള്ളി

വാഷിംഗ്ടൺ ഡിസി : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളി. റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ് ഉള്ളത്. പാകിസ്താൻ വംശജനായ മുസ്ലീമായതിനാൽ ഇന്ത്യ തന്നെ പീഡിപ്പിക്കുമെന്ന് ആരോപിച്ചായിരുന്നു തഹാവൂർ റാണ അപേക്ഷ നൽകിയിരുന്നത്.

കനേഡിയൻ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്നത് അടിയന്തര അപേക്ഷയായാണ് റാണ സമർപ്പിച്ചിരുന്നത്. തഹാവുർ റാണ സമർപ്പിച്ച പുനഃപരിശോധനാ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇന്ത്യയ്ക്ക് കൈമാറാൻ തീരുമാനിച്ചിരുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളി കൈമാറ്റ ഉടമ്പടി കരാർ നിലനിൽക്കുന്നുണ്ട്. ഈ ഉടമ്പടി പ്രകാരമാണ് തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നത്.

പാകിസ്താൻ വംശജനായ തഹാവൂർ റാണ കനേഡിയൻ പൗരനാണ്. പാകിസ്താനിലെ സൈനിക ഡോക്ടറായിരുന്നു. പിന്നീടാണ് കാനഡയിലേക്ക് മാറുകയും അവിടെ പൗരത്വം നേടുകയും ചെയ്തത്. തുടർന്ന് അമേരിക്കയി ഷിക്കാഗോയിൽ എത്തി വേൾഡ് ഇമിഗ്രേഷൻ സെന്റർ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. ഇതിന്റെ മുംബൈയിലെ ബ്രാഞ്ചാണ് ഭീകരാക്രമണത്തിനായി ലക്ഷ്‌കർ ഭീകരർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നൽകിയതെന്നാണ് കണ്ടെത്തൽ. ഇതിന്റെ ഭാഗമായാണ് തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറണമെന്നും വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടത്.

2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു. മുന്നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹൽ പാലസ്, ഛത്രപതി ശിവാജി ടെർമിനൽ, നരിമാൻ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടൽ എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button