കേരളം

മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗം ഇന്ന്; വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം ലഭിക്കാത്തത് ചര്‍ച്ചയാകും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേന്ദ്രം അധിക സഹായം നിഷേധിച്ചത് അടക്കമുള്ള കേരളത്തിന്റെ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് യോഗം.

ഈ മാസം 25ന് ലോക്സഭാ സമ്മേളനം ആരംഭിക്കുന്നത് കണക്കിലെടുത്താണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വയനാട് ദുരന്തത്തിൽ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി കേരളം അധിക സഹായം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ അനുവദിക്കാത്തതിനെതിരെ ഒരുമിച്ചു മുന്നേറണമെന്ന ആവശ്യം യോഗത്തിൽ മുഖ്യമന്ത്രി ഉന്നയിക്കും. യോഗത്തിന്റെ ആദ്യ അജൻഡ തന്നെ ഈ വിഷയമാണ്. ഇതിനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനം.

കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എംപിമാരോട് ആവശ്യപ്പെടും. വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വിജിഎഫ് തുക തിരിച്ചടക്കണണെന്ന കേന്ദ്ര നിലപാട് തിരുത്താന്‍ യോജിച്ച് ശ്രമിക്കാനും യോഗത്തില്‍ ധാരണയുണ്ടാകും.

ശബരി റെയിൽപാത അടക്കമുള്ള ആവശ്യങ്ങളും യോഗത്തിൽ മുഖ്യമന്ത്രി ഉന്നയിക്കും. കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപിയെയും ജോർജ് കുര്യനെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ചേർന്ന ആദ്യ യോഗത്തിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button