നോർത്ത് വെസ്റ്റ് ലണ്ടനിൽ വീടിന് തീപിടിച്ച് അമ്മയും മൂന്ന് മക്കളും കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ

ലണ്ടൻ : നോർത്ത് വെസ്റ്റ് ലണ്ടനിൽ സ്റ്റോൺബ്രിഡ്ജിലുള്ള ടില്ലറ്റ് ക്ലോസിൽ വീടിനുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളും മരിച്ചു. 43 വയസ്സുള്ള ഒരു അമ്മയ്ക്കും 15 വയസ്സുള്ള ഒരു പെൺകുട്ടിയ്ക്കും എട്ടും, നാലും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കുമാണ് ദാരുണ സംഭവത്തിൽ ജീവൻ നഷ്ടമായത്. 70 വയസ്സുള്ള ഒരു സ്ത്രീയെയും ഒരു കൗമാരക്കാരിയായ പെൺകുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവരുടെ അവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. മറ്റ് രണ്ട് കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ചെ 1:20 ഓടെയുണ്ടായ തീപിടുത്തത്തിൽ വീട് കത്തിനശിക്കുകയും ചെയ്‌തു. കൊലപാതകക്കുറ്റം ചുമത്തി സംഭവസ്ഥലത്ത് നിന്ന് 41 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.
എട്ട് ഫയർ എഞ്ചിനുകളും വെംബ്ലി, പാർക്ക് റോയൽ, വില്ലെസ്ഡൻ സ്റ്റേഷനുകളിൽ നിന്നുള്ള 70 ഓളം അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് തീ അണച്ചത്.