വിർജീനിയ- ടോക്കിയോ യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ഫ്ലൈറ്റ് എഞ്ചിൻ തകരാർ മൂലം അടിയന്തര ലാൻഡിംഗ്

വാഷിംഗ്ടൺ ഡിസി : ടോക്കിയോയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിർജീനിയയിലെ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. യുണൈറ്റഡ് എയർലൈൻസിന്‍റെ വിമാനമാണ് എഞ്ചിൻ തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ഫ്ലൈറ്റ് 803ന് പുറപ്പെടുന്നതിനിടെയാണ് എഞ്ചിൻ തകരാർ ഉണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഡള്ളസ് വിമാനത്താവളത്തിലെ റൺവേയുടെ സമീപത്ത് നിന്ന് പുക ഉയരുന്ന ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്. ഒരു എഞ്ചിന് തകരാർ സംഭവിച്ചതിനെത്തുടർന്ന് വിമാനം ടേക്ക്-ഓഫിന് ശേഷം ഉടൻ തന്നെ തിരിച്ചിറക്കുകയായിരുന്നുവെന്ന് യുണൈറ്റഡ് എയർലൈൻസ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബോയിംഗ് 777-200 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന 275 യാത്രക്കാർക്കും 15 ജീവനക്കാർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വക്താവ് അറിയിച്ചു. എഞ്ചിൻ കവറിന്‍റെ ഒരു ഭാഗം വേർപെട്ട് തീപിടിക്കുകയും അത് നിലത്ത് തീ പടരുന്നതിന് കാരണമാവുകയും ചെയ്തു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലത്തുണ്ടായ തീ അണച്ചതായി മെട്രോപൊളിറ്റൻ വാഷിംഗ്ടൺ എയർപോർട്ട് അതോറിറ്റി പിന്നീട് അറിയിച്ചു. പിന്നീട് ശനിയാഴ്ച തന്നെ മറ്റൊരു വിമാനത്തിൽ യാത്ര പുനഃക്രമീകരിച്ചതായി യുണൈറ്റഡ് എയർലൈൻസ് വക്താവ് കൂട്ടിച്ചേർത്തു.



