കേരളം

പവര്‍ ഗ്രൂപ്പില്‍ ഞാനില്ല; അത്തരമൊരു ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്: മോഹൻലാൽ

തിരുവനന്തപുരം: സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മോഹന്‍ലാല്‍. താന്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമല്ല. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ആ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു അദ്ദഹം മാധ്യമങ്ങളെ കണ്ടത്

സിനിമയിലുള്ള എല്ലാവര്‍ക്കും ഇതേക്കുറിച്ച് പറയാനുള്ള സമയമാണിപ്പോള്‍. രാജ്യത്തെ എല്ലാ സിനിമാ മേഖലകളിലും ഇത്തരം കമ്മിറ്റികള്‍ ഉണ്ടാകട്ടെ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നതാണ് തന്റെ അഭിപ്രായം. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ വേദനയുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്നും നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്. സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്. എന്നാല്‍ അമ്മയ്ക്കു നേരെയാണു എല്ലാവരും വിരല്‍ ചൂണ്ടുന്നത്. താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ല’ അദ്ദേഹം പറഞ്ഞു.

ഞാന്‍ എവിടെയും ഒളിച്ചോടിപ്പോയിട്ടില്ല. എന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നു. ഭാര്യയുടെ സര്‍ജറിയുമായി ആശുപത്രിയിലായിരുന്നു. വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. ആധികാരികമായി പറയാന്‍ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നല്‍കേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിര്‍ന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയില്‍ നിന്ന് പിന്മാറിയത്.

വളരെ ബുദ്ധിമുട്ടിയുണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണ്. ദയവു ചെയ്ത് എല്ലാ തെറ്റും ഞങ്ങളുടേത് മാത്രമായി കണക്കാക്കരുത്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ അത് നിശ്ചലമായി പോകും. കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് അമ്മ ഭരണസമിതി രാജിവച്ചത്. ആര്‍ക്കുവേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്കു രക്ഷിക്കണം.പലര്‍ക്കും അറിഞ്ഞുകൂടാത്ത ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്. തെറ്റുകുറ്റങ്ങള്‍ ഉണ്ടായേക്കാം. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നതു ശരിയല്ല.

കേരളത്തില്‍ നിന്നുള്ള ഒരു വലിയ മൂവ്‌മെന്റ് ആയി ഇത് മാറണം. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികള്‍ ഉണ്ടാകണം എന്നാണ് ആഗ്രഹം. കുറ്റം ചെയ്തിട്ടുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ദയവുചെയ്ത് എല്ലാവരും കൂടി സഹകരിച്ച് മലയാള സിനിമ മേഖല തകരാതിരിക്കാന്‍ ശ്രമിക്കണം.വളരെയധികം സങ്കടമുണ്ട്. 47 വര്‍ഷം സിനിമയുമായി സഹകരിച്ച വ്യക്തിയെന്ന നിലയിലുള്ള അഭ്യര്‍ഥനയാണിത്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്റെ കയ്യില്‍ ഉത്തരങ്ങളില്ല. നിങ്ങളുടെ കയ്യിലാണ് ഇക്കാര്യം നില്‍ക്കുന്നത്. കോടതിയില്‍ ഇരിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍ സംഭവിച്ചു പോയി. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള കാര്യമാണു ചെയ്യേണ്ടത്.

പൊലീസും കോടതിയും സര്‍ക്കാരുമാണു നടപടികള്‍ സ്വീകരിക്കുന്നത്. മാധ്യമങ്ങളും കൂടി ചേര്‍ന്നു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം.ഒറ്റദിവസം കൊണ്ട് ഞങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക് അന്യന്മാരായി? സിനിമാമേഖലയിലെ ശുദ്ധീകരണത്തിന് അമ്മയും സഹകരിക്കും. ശുദ്ധീകരണത്തിന്, നല്ല കാര്യത്തിനായുള്ള നീക്കങ്ങളില്‍ സഹകരിക്കുമോ എന്ന ചോദ്യത്തിന് സഹകരിക്കും എന്നു തന്നെയാണ് ഉത്തരം.അമ്മ മാത്രമല്ല നിരവധി സംഘടനകള്‍ ഉണ്ട്, അവരെല്ലാവരുമായി മാധ്യമങ്ങള്‍ സംസാരിക്കണം. അവരുടെ അഭിപ്രായങ്ങളും ശേഖരിക്കണം. പരിചയമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ കേട്ടു. അമ്മ ഇതിനെല്ലാം പ്രതികരിക്കണം എന്നുപറഞ്ഞാല്‍ എങ്ങനെ സാധിക്കും.

ഞാന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ല. ഇത് ആദ്യമായാണു കേള്‍ക്കുന്നത്.കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് നിങ്ങള്‍ക്കറിയുന്ന അറിവുതന്നെയാണ് എനിക്കുള്ളത്. അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ അല്ല സംസാരിക്കുന്നത്. സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്. വ്യവസായം തകര്‍ന്നുപോകരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. നിങ്ങളും എന്നോടൊപ്പം സഹകരിക്കണം.’ മോഹന്‍ലാല്‍ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button