മിഥുന്റെ വീട് എന്റെയും; സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടിൻറെ ശിലാസ്ഥാപനം ഇന്ന്

കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. കേരള സ്‌റ്റേറ്റ് ഭരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഇന്ന് നിര്‍വഹിക്കും.
‘മിഥുന്റെ വീട് എന്റെയും’ എന്ന പേരിലാണ് ഭവന നിര്‍മ്മാണം. ഞായറാഴ്ച രാവിലെ 10 മണിക്കാണ് ശിലാസ്ഥാപനം നടത്തുക. ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എന്‍ കെ പ്രഭാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഇക്കഴിഞ്ഞ ജൂലൈ 17നാണ് മിഥുന്‍ സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. സ്‌കൂളില്‍ അപകടകരമായ രീതിയില്‍ നിര്‍മ്മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെയും, കെഎസ്ഇബി തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.