സുഹൃത്തുക്കൾക്കൊപ്പം നടന്നുനീങ്ങുന്ന സുദീക്ഷ- കാണാതാവുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ

വിര്‍ജീനിയ : ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍നിന്ന് കാണാനാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനി സുദിക്ഷ കൊണങ്കി കരീബിയന്‍ ദ്വീപിലെ കടല്‍തീരത്ത് സുഹൃത്തുക്കളോടൊപ്പം നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നതിന് മുമ്പുള്ള സുദിക്ഷയുടെ ദൃശ്യങ്ങളാണിത്. ഡൊമിനിക്കന്‍ വാര്‍ത്താ ഏജന്‍സിയായ നോട്ടിസിയാസ് സിന് ആണ് ഈ ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ടത്. വ്യാഴാഴ്ച 5:16 എന്നാണ് വീഡിയോയില്‍ കാണിക്കുന്ന സമയം. രാവിലെയാണ് വൈകുന്നേരമാണോ എന്ന് വ്യക്തമല്ല. ഈ ദിവസമാണ് സുദീക്ഷയെ കാണാതായത്.
പ്യൂന്റ കാനയിലെ റിയു റിപ്പബ്ലിക്ക റിസോര്‍ട്ടിലെ നടപ്പാതയിലൂടെ സുദീക്ഷ ഒരു പുരുഷന്റെ കൂടെ നടന്നുപോവുന്നത് ദൃശ്യത്തില്‍ കാണാം. ഇരുവരും പിന്നിലൂടെ കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിച്ചാണ് നടക്കുന്നത്. ഒരു വെള്ള ടിഷര്‍ട്ടും ഷോര്‍ട്ട്സുമാണ് സുദിക്ഷ ധരിച്ചിരിക്കുന്ന വസ്ത്രം.
അവധിക്കാലം ആഘോഷിക്കുന്നതിനാണ് പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി സുദിക്ഷ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സുദിക്ഷയെ കാണാതായത്. അന്ന് സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിവരെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ശേഷം 4.15-ഓടെ ഇവര്‍ ബീച്ചിലേക്ക് പോയി. 5.55-ന് ശേഷം സുഹൃത്തുക്കള്‍ തിരിച്ചെത്തിയെങ്കിലും ഇവര്‍ക്കൊപ്പം സുദിക്ഷ ഉണ്ടായിരുന്നില്ല.
വൈകീട്ട് നാലോടെയാണ് സുദിക്ഷയെ കാണാതായ സംഭവം സുഹൃത്തുക്കള്‍ ഹോട്ടല്‍ അധികൃതരെ അറിയിച്ചത്. സുദിക്ഷ ധരിച്ചിരുന്ന ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെനിന്ന് ബലപ്രയോഗം നടന്നതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
24-കാരനായ അയോവയില്‍നിന്നുള്ള ജോഷ്വാ സ്റ്റീവ് റൈബ് എന്ന യുവാവിനെയാണ് സുദിക്ഷയ്ക്കൊപ്പം അവസാനമായി കണ്ടത്. സുദിക്ഷയുടെ സുഹൃത്തുക്കള്‍ പോയശേഷം സംഭവിച്ചതായി മൂന്ന് വ്യത്യസ്ത മൊഴികളാണ് യുവാവ് നല്‍കിയത്. അതില്‍ ഒന്ന് കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് താന്‍ ഛര്‍ദിച്ചുവെന്നും ബീച്ചില്‍നിന്ന് തിരികെ പോന്നുവെന്നും സുദിക്ഷയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് അന്വേഷിച്ചിരുന്നതായും യുവാവ് പറഞ്ഞു. മറ്റൊന്നില്‍, തനിക്ക് ക്ഷീണം തോന്നിയെന്നും ബോധംപോവുംമുമ്പ് സുദിക്ഷയെ മുട്ടറ്റം തിരമാലയിലാണ് കണ്ടതെന്നും ഇയാള്‍ മൊഴിനല്‍കി. താന്‍ ലോഞ്ച് ചെയറില്‍ തിരികെ എത്തി ഉറങ്ങുന്നതിന് മുമ്പ് സുദിക്ഷ തീരത്തുകൂടെ നടക്കുന്നതായാണ് കണ്ടതെന്നും മറ്റൊരു മൊഴിയില്‍ പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം, തട്ടിക്കൊണ്ടുപോകല്‍ സാധ്യതയടക്കം അന്വേഷിക്കണമെന്ന് സുദിക്ഷയുടെ പിതാവ് സുബ്ബറായ്ഡു കൊണങ്കി ആവശ്യപ്പെട്ടു.