മിനിയാപൊളിസ് മേയർ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഉമറിനെതിരെയും വംശീയ അധിക്ഷേപം

വാഷിങ്ടണ്‍ ഡിസി : സൊഹ്റാന്‍ മംദാനിക്ക് പിന്നാലെ യുഎസിലെ മറ്റൊരു ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്നയാള്‍ക്കു നേരെയും വംശീയ അധിക്ഷേപം. മിനിയാപൊളിസ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന മിനസോട്ട സ്റ്റേറ്റ് സെനറ്റര്‍ കൂടിയായ ഉമര്‍ ഫത്തേഹിന് നേരെയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം.
മിനിയാപൊളിസ് മേയർ സ്ഥാനാർത്ഥി എന്ന നിലയിൽ തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചപ്പോഴാണ് ഉമറിന്റെ പേരും നിറവും ഒക്കെ ചേര്‍ത്ത് അധിക്ഷേപിച്ചത്. വൈറ്റ് ഹൗസിന്റെ ശത്രുതയിൽ നിന്ന് മിനിയാപൊളിസിനെ രക്ഷിക്കുമെന്നും, 2028 ആകുമ്പോഴേക്കും മിനിമം വേതനം 20 ഡോളർ വർദ്ധിപ്പിക്കുമെന്നുമൊക്കെയാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പറയുന്ന കാര്യങ്ങളെ ശ്രദ്ധിക്കാതെ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണ് ചിലര്‍. തീവ്രവാദി എന്നാണ് ചിലര്‍ വിളിച്ചത്.
‘മൺകുടിലിലെ ജീവിതശൈലിയുമായി ‘മൊഗാദിഷു’വിലേക്ക് മടങ്ങാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്. അദ്ദേഹം യുഎസിലാണ് ജനിച്ചതെങ്കിലും മാതാപിതാക്കൾ സൊമാലിയയിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിനെതിരായ അധിക്ഷേപങ്ങള്‍. ഉമറിന്റെ ചുരുളന്‍ മുടിയെ പരിഹസിച്ചും കമന്റുകളുണ്ട്.
“ഞാൻ അദ്ദേഹത്തിന്റെ വീഡിയോ കാണാൻ പോലും പോകുന്നില്ല. തലയുടെ രൂപം കണ്ടാല്‍ തന്നെ എനിക്ക് മനസ്സിലാകും, അവനൊരു സോമാലിയക്കാരനാണെന്ന്. സൊമാലിയക്കാർ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാനത്തേക്ക് മത്സരിക്കരുത്. അവൻ മൊഗാദിഷുവിലെ മേയർ സ്ഥാനത്തേക്ക് മത്സരിക്കണം, അങ്ങനെ അയാൾക്ക് തന്റെ മൺകുടിലിലെ ജീവിതശൈലി ഇവിടെ കൊണ്ടുവരുന്നതിനുപകരം അവിടെ ആസ്വദിക്കാൻ കഴിയും,” കൺസർവേറ്റീവ് പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന പേരിലറിയപ്പെടുന്ന ജോയി മന്നാരിനോ എഴുതിയത് ഇങ്ങനെയായിരുന്നു.
“മിനിയാപൊളിസിന് മറ്റൊരു സൊഹ്‌റാൻ മംദാനി ഉണ്ടായേക്കാമെന്നായിരുന്നു”- മറ്റൊരു കമന്റ്. “മൾട്ടി-കൾച്ചറൽ മാർക്സിസ്റ്റ് മേയർമാരുടെ പ്രതിഭാസം യുഎസ്എയിലുടനീളം പടരുകയാണ് – അത് തടയാൻ എന്തുചെയ്യാൻ കഴിയുമെന്നാണ് ഒരാള്‍ എഴുതിയത്. നവംബർ 4 നാണ് മിനിയാപൊളിസ് മേയർ തിരഞ്ഞെടുപ്പ്.