മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി കുറയുന്നു , ഫ്ലോറിഡയിൽ 9 മരണം, മിന്നൽപ്രളയസാധ്യത

താംപ: മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റിലും ഇതിനോടനുബന്ധിച്ചുള്ള കനത്ത മഴയിലും അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഒൻപതായി. ചുഴലിക്കൊടുങ്കാറ്റിൽ നൂറിലധികം വീടുകൾ തകർന്നു.
30 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. കൊടുങ്കാറ്റ് മൂലം ഫ്ലോറിഡയിൽ കനത്ത മഴയുണ്ടായി. താന്പ ബേ മേഖലയിലെ താന്പ, സെന്റ് പീറ്റേഴ്സ്ബർഗ്, ക്ലിയർവാട്ടർ നഗരങ്ങളിൽ മിന്നൽപ്രളയം ഉണ്ടാകാമെന്നാണു മുന്നറിയിപ്പ്. സെന്റ് പീറ്റേഴ്സ്ബർഗിൽ 42.2 സെന്റമീറ്റർ മഴ രേഖപ്പെടുത്തിക്കഴിഞ്ഞു.കാറ്റഗറി മൂന്നിലേക്കു താണ മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തിലാണു കരതൊട്ടത്. വേഗം 150 കിലോമീറ്ററായി താഴ്ന്ന കാറ്റിനെ കാറ്റഗറി ഒന്നിലേക്കു താഴ്ത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഫ്ലോറിഡയിലൂടെ കടന്നുപോയി വീണ്ടും അറ്റ്ലാന്റിക് സമുദ്രത്തിൽ പ്രവേശിക്കുന്ന മിൽട്ടന്റെ വേഗം ഇനിയും താഴും.