ആണവ പദ്ധതി അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെതിരെ സൈനിക നീക്കം, യുദ്ധം ഇസ്രായേൽ നയിക്കും : ട്രംപ്

ന്യൂയോര്‍ക്ക് : ആണവ പദ്ധതി അവസാനിപ്പിച്ചില്ലെങ്കില്‍ ഇറാനെതിരെ സൈനിക ശക്തി പ്രയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. യുദ്ധത്തെ ഇസ്രായേൽ നയിക്കുമെന്നും ട്രംപ് പറഞ്ഞു. ഒമാനില്‍ വെച്ച് യുഎസിന്റെയും ഇറാന്റെയും ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന വാരാന്ത്യ ചർച്ചകൾക്ക് മുന്നോടിയായാണ് ട്രംപിന്റെ പുതിയ ഭീഷണി.
നേരത്തെ ഇറാനുമായി നേരിട്ട് തന്നെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ആണവായുധ പദ്ധതി ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുമെന്നും, എന്നാല്‍ ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഇറാന്‍ അപകടത്തിലാകുമെന്നും നേരത്തെയും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
‘സൈനിക നപടിയാണെങ്കിൽ അതിനും ഞങ്ങൾ തയ്യാർ. ഇസ്രായേൽ അതിൽ വലിയ പങ്കുവഹിക്കുമെന്ന് വ്യക്തമാണ്. അവരായിരിക്കും അതിന്റെ നേതൃത്വം. ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത് ഞങ്ങൾ ചെയ്യും’- ട്രംപ് വ്യക്തമാക്കി. അതേസമയം ഇറാനുമായി ഒത്തുതീർപ്പിലെത്താനുള്ള ട്രംപിന്റെ നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.
ഇറാൻ ആണവായുധം വികസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യം യുഎസിനൊപ്പം ഇസ്രായേലിനും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ യുഎസിന്റെ പുതിയ പ്രഖ്യാപനത്തോട് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. അതേസമയം അമേരിക്കയുടെ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നത്. ഒമാനിൽ നടക്കാനിരിക്കുന്ന ചർച്ചകൾക്ക് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചിയും യുഎസ് പ്രസിഡന്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും നേതൃത്വം നൽകുമെന്നാണ് റിപ്പോര്‍ട്ടുകള്‍