ക്ലൗഡിലേക്കുള്ള ഇസ്രായേൽ സൈന്യത്തിന്റെ പ്രവേശനം തടഞ്ഞ് മൈക്രോസോഫ്റ്റ്

വാഷിങ്ടൺ ഡിസി : ഗസ്സയിലേയും വെസ്റ്റ് ബാങ്കിലേയും ജനങ്ങളുടെ ഫോൺകോളുകൾ ഉൾപ്പെടെ ശേഖരിച്ച് കൂട്ടത്തോടെ നിരീക്ഷണം നടത്താൻ ഇസ്രായേൽ തങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്ന കണ്ടെത്തെലിനെ തുടർന്ന് ചില ക്ലൗഡ് സേവനങ്ങളിലേക്കുള്ള ഇസ്രായേലിന്റെ പ്രവേശനം മൈക്രോസോഫ്റ്റ് തടഞ്ഞു.
കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് സാധാരണക്കാരിൽ കൂട്ട നിരീക്ഷണം നടത്തുന്നത് അതിന്റെ സ്റ്റാൻഡേർഡ് സേവന നിബന്ധനകളുടെ ലംഘനമാണെന്ന് കമ്പനിയുടെ പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. ദി ഗാർഡിയൻ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ ചാര ഏജൻസിയായ യൂനിറ്റ് 8200, മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനമായ അസ്യൂറിന്റെ വിപുലമായ സംഭരണ ശേഷി ഉപയോഗിച്ച് ഫലസ്തീനിലെ സാധാരണക്കാരുടെ ഫോൺ കോളുകൾ ചോർത്തിയെന്നാണ് കണ്ടെത്തൽ.
2021-ൽ മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് സത്യ നാദെല്ലയും യൂനിറ്റിന്റെ അന്നത്തെ കമാൻഡറായിരുന്ന യോസി സരിയലും തമ്മിലുള്ള ഒരു കൂടിക്കാഴ്ചക്ക് ശേഷമാണ് ചോർത്തൽ ആരംഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇസ്രായേൽ ചാര ഏജൻസിയുമായുള്ള ബന്ധം പുറത്തായതോടെ മൈക്രോസോഫ്റ്റ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.