ജീവശാസ്ത്ര പരീക്ഷണങ്ങൾക്കായി റഷ്യ ബഹിരാകാശത്തേക്ക് അയച്ച എലികൾ തിരിച്ചെത്തി

മോസ്കോ : ജീവശാസ്ത്ര പരീക്ഷണങ്ങൾക്കായി റഷ്യ ബഹിരാകാശത്തേക്ക് അയച്ച 75 എലികൾ ഒരു മാസത്തിനുശേഷം സുരക്ഷിതമായി മടങ്ങി എത്തി. 800 കിലോമീറ്ററിന് മുകളിൽ ധ്രുവ കേന്ദ്രീകൃത ഭ്രമണപഥത്തിലൂടെയായിരുന്നു യാത്ര. എലികൾക്ക് പുറമെ 1500 പഴഇൗച്ചകൾ, കോശഭാഗങ്ങൾ, ധാന്യങ്ങൾ, പയർ, ഫംഗസുകൾ, കൂണുകൾ തുടങ്ങിയവയും അയച്ചിരുന്നു. ബയോളിക്കൽ ലാബായ ബയോൺ എംഎൻ2 ബയോ ഉപഗ്രഹമായിരുന്നു പരീക്ഷണ തട്ടകം.
ആഗസ്ത് 20ന് കസാഖ്സ്ഥാനിലെ ബൈക്കനൂരിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം ഓറൺബർഗ് മേഖലയിൽ തിരിച്ചിറങ്ങിയ പേടകം നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. 6.4 ടൺ വരുന്ന പേടകത്തിൽ 25 അറകളിലായാണ് എലികളെ പാർപ്പിച്ചിരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുന്ന പഥത്തെക്കാൾ ഉയർന്ന അക്ഷാംശത്തിലുള്ള മേഖലയിലെ വികിരണത്തിന്റെ സ്വഭാവം, ഭാരമില്ലായ്മ തുടങ്ങിയവ പഠിക്കുകയാണ് ലക്ഷ്യം. ഇൗ സാഹചര്യം ജീവജാലങ്ങൾ അതിജീവിക്കുന്നത് എങ്ങനെയെന്ന് ശാസ്ത്രജ്ഞർ തത്സമയം നിരീക്ഷിച്ചു. തലച്ചോറ്, വിവിധ അവയവങ്ങൾ, ഡിഎൻഎ തുടങ്ങിയവയിലുണ്ടാകുന്ന മാറ്റം സൂക്ഷ്മമായി പഠിക്കുമെന്ന് റഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ അധികൃതർ അറിയിച്ചു.