Uncategorized

ഇന്‍ഷുറന്‍സ് പണം തട്ടാന്‍ കരടിയുടെ വേഷംകെട്ടി ആഡംബര കാറുകള്‍ അടിച്ചുതകര്‍ത്തു; നാലുപ്രതികള്‍ പിടിയില്‍

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ കരടിയുടെ വേഷംകെട്ടി സ്വന്തം ആഢംബര കാറുകള്‍ തകര്‍ത്ത് ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ആഡംബര വാഹനമായ റോള്‍സ് റോയ്സ് ഗോസ്റ്റില്‍ കീറിപ്പോയ സീറ്റുകള്‍ക്കും കേടുപാട് സംഭവിച്ച ഡോറുകള്‍ക്കുമായി നഷ്ടപരിഹാരം ക്ലെയിം ചെയ്തതില്‍ സംശയം തോന്നിയ ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് കള്ളം വെളിച്ചത്തായത്. ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കാലിഫോര്‍ണിയയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ലോസ് ഏഞ്ചല്‍സിന് സമീപം മലയോര മേഖലയില്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്ത് കരടി ആക്രമിച്ചെന്നാണ് ക്ലെയിം അപേക്ഷയില്‍ പ്രതികള്‍ പറഞ്ഞിരുന്നത്. വിശ്വസിപ്പിക്കാനായി കേടുപാടുകളുടെ ചിത്രങ്ങളും സെക്യൂരിറ്റി കാമറയിലെ ദൃശ്യങ്ങളും ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കി. വാഹനത്തിനകത്ത് കയറിയ കരടി എല്ലാം നശിപ്പിക്കുന്നതാണ് വിഡിയോയിലുള്ളത്. എന്നാല്‍ വിഡിയോയില്‍ സംശയം തോന്നിയ ഇന്‍ഷുറന്‍സ് കമ്പനി ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഇന്‍ഷുറന്‍സ് ഫ്രോഡ് ഡിറ്റക്ടീവിന്റെ സഹായം തേടി. വിഡിയോ വിശദമായി പരിശോധിച്ചപ്പോള്‍ കരടിയുടെ വേഷം കെട്ടി എത്തിയ മനുഷ്യനാണ് കാറിന്റെ അകത്തളം നശിപ്പിച്ചത് എന്ന് കണ്ടെത്തിയതായി കാലിഫോര്‍ണിയ ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സമാനമായ സംഭവം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ വ്യത്യസ്ത ഇന്‍ഷുറന്‍സ് കമ്പനികളില്‍ കരടിയുടെ ആക്രമണത്തില്‍ കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതുമായി ബന്ധപ്പെട്ട് മറ്റു രണ്ടു ക്ലെയിമുകള്‍ കൂടി കണ്ടെത്തി.2015 മെഴ്സിഡസ് G63 AMG, 2022 മെഴ്സിഡസ് E350 എന്നിവയ്ക്ക് അതേസ്ഥലത്ത് വച്ച് തന്നെ കരടിയുടെ ആക്രമണത്തില്‍ കേടുപാട് സംഭവിച്ചതായാണ് ക്ലെയിമുകളില്‍ പറയുന്നത്. ഈ രണ്ടു ക്ലെയിമുകളിലും അധികൃതരെ വിശ്വസിപ്പിക്കാനായി കരടി വാഹനങ്ങള്‍ക്ക് അരികിലേക്ക് പാഞ്ഞടുക്കുന്നതിന്റെ വിഡിയോ ഉണ്ടായിരുന്നു. വീഡിയോയിലുള്ളത് യഥാര്‍ത്ഥത്തിലുള്ള കരടിയല്ലെന്ന് കൂടുതല്‍ ഉറപ്പാക്കാന്‍, കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റിന്റെ സഹായം തേടി. ഡിപ്പാര്‍ട്ട്‌മെന്റിലെ ബയോളജിസ്റ്റ് മൂന്ന് കരടി വിഡിയോകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് കരടിയല്ല, കരടിയുടെ വേഷംകെട്ടിയ മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞതായും പ്രസ്താവനയില്‍ പറയുന്നു.

ഒരു തിരച്ചില്‍ വാറണ്ട് പുറപ്പെടുവിച്ച ശേഷം, ഡിറ്റക്ടീവുകള്‍ സംശയിക്കുന്നവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ കരടി വേഷം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെ അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button