മെഡിസെപിൽ അഞ്ചുലക്ഷം രൂപവരെ കവറേജ്, പ്രയോജനം ലഭിക്കുന്നത് നാല്പതു ലക്ഷം പേർക്ക്

തിരുവനന്തപുരം : അഞ്ചുലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യം ലഭിക്കുന്ന വിധം മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയിൽ പരിഷ്കാരം. പ്രതിമാസ പ്രീമിയം 750 രൂപയാവും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും ഉൾപ്പെടെ നാല്പതു ലക്ഷം പേർക്ക് പ്രയോജനം. ഇന്നലെ മന്ത്രിസഭായോഗമാണ് പദ്ധതി പുതുക്കാൻ തീരുമാനിച്ചത്.നിലവിൽ മൂന്നു ലക്ഷം ആനുകൂല്യവും 500 രൂപ പ്രീമിയവുമാണ്. ഇൻഷ്വറൻസ് കമ്പനിയുടെ ടെൻഡർ അനുസരിച്ച് പ്രീമിയം മാറിയേക്കാം. ഓരോ വർഷവും പ്രീമിയം വർദ്ധിപ്പിക്കാനും സാദ്ധ്യതയുണ്ട്. പദ്ധതി രണ്ടുവർഷമായി ചുരുക്കി. നിലവിൽ മൂന്നാണ്.
ചേരാതിരിക്കാനുള്ള ഓപ്ഷൻ വേണമെന്ന ആവശ്യം തള്ളി. പ്രീമിയത്തിലെ നിശ്ചിത ശതമാനം സർക്കാർ വഹിക്കണമെന്ന നിർദേശവും അംഗീകരിച്ചില്ല. സെപ്തംബർ 30ന് പദ്ധതി അവസാനിക്കുന്ന മുറയ്ക്ക് പുതിയത് നിലവിൽ വരും.കൂടുതൽപേരെ ഉൾപ്പെടുത്താനും കൂടുതൽ ചികിത്സ കിട്ടാനും പദ്ധതി വിപുലീകരിക്കും.പൊതുമേഖലാസ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ,സ്വയംഭരണസ്ഥാപനങ്ങൾ,സഹകരണ മേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും ആശ്രിതരെയും ഉൾപ്പെടുത്തും. പ്രയോജനം ലഭിക്കുന്നവരുടെ എണ്ണം നാല്പതു ലക്ഷം കവിയും. നിലവിൽ മുപ്പത് ലക്ഷമാണ്. ഒന്നാം ഘട്ടത്തിൽപ്രീമിയമായി 1950കോടി കിട്ടിയപ്പോൾ 1988.39കോടിയുടെ ക്ളെയിം നൽകേണ്ടിവന്നു. ഇതിനു പരിഹാരമായാണ് വിപുലീകരിക്കുന്നത്. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുമായാണ് നിലവിലെ കരാർ.
സർവീസ് സംഘടനകളുടെ യോഗത്തിൽ ലഭിച്ച നിർദ്ദേശങ്ങളും ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാർശകളും പരിഗണിച്ചാണ് മാറ്റങ്ങൾ വരുത്തുന്നത്.
41 സ്‌പെഷ്യാലിറ്റിയിൽ ഗുണം
1. 41സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ 2100ലധികം ചികിത്സ അടിസ്ഥാന പാക്കേജിൽ ഉൾപ്പെടുത്തുന്നതാണ് പ്രധാന മാറ്റം.
2. കാൽമുട്ട് മാറ്റിവെയ്ക്കൽ,ഇടുപ്പെല്ല് മാറ്റിവയ്ക്കൽ എന്നിവ അടിസ്ഥാന പാക്കേജിൽ. സർജിക്കൽ,മെഡിക്കൽ പാക്കേജുകൾ കൂട്ടിച്ചേർക്കാം.
3.10 ഗുരുതര/അവയവമാറ്റ ചികിത്സാ പാക്കേജുകൾക്കായി ഇൻഷ്വറൻസ് കമ്പനി 40കോടിയുടെ കോർപ്പസ് ഫണ്ട് നീക്കിവെയ്ക്കണം.
4.അടിസ്ഥാന പരിരക്ഷയുടെ 1%മായ 5000 രൂപവരെ മുറിവാടകയും സർക്കാർ ആശുപത്രികളിൽ 2000രൂപ വരെയും പ്രതിദിനം കിട്ടും
5. കിടത്തിചികിത്സയ്ക്കു മുമ്പുള്ള മൂന്നു ദിവസത്തെയും ശേഷമുള്ള അഞ്ചു ദിവസത്തേയും ചെലവു വഹിക്കും
ദീർഘകാല ചികിത്സയ്ക്ക്
ദീർഘകാലചികിത്സ ആവശ്യമുള്ള കറ്റാസ്‌ട്രോഫിക് പാക്കേജിൽ ഹൃദയത്തിന്റെ പമ്പിംഗ് ശരിയാക്കാനുള്ള ആറ് ലക്ഷംരൂപവിലവരുന്ന കാർഡിയാക് റീസൻക്രണൈസേഷൻ തെറാപ്പി ഡിഫ്രൈബിലേറ്റർ എന്ന ഉപകരണം ഘടിപ്പിക്കുന്നതും ഹൃദയമിടിപ്പ് ശരിയാക്കാനുള്ള 5 ലക്ഷംരൂപ വിലവരുന്ന ഡ്യുവൽചേംബർ ഇംപ്ളാന്റബിൽ കാർഡിയോവേർട്ടർ ഡെഫിബ്രിലേറ്റർ എന്ന ഐ.സി.ഡി.ഉപകരണവും നൽകുന്നതും അധിക പാക്കേജിൽ ഉൾപ്പെടുത്തും. നോൺ എംപാനൽഡ് ആശുപത്രികളിലെ ചികിത്സകൾക്ക് ഹൃദയാഘാതം, പക്ഷാഘാതം,വാഹനാപകടം എന്നിവകൂടാതെ 10ചികിത്സകൾ ഉൾപ്പെടുത്തും. ഡയാലിസിസ്,കീമോതെറാപ്പി എന്നിവയ്ക്ക് പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ.
ത്രിതല പരാതി പരിഹാരം
ജില്ലാതലം,സംസ്ഥാനതലം,അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം .കാലതാമസം ഒഴിവാക്കാൻ മെഡിസെപ് കാർഡിൽ ക്യു.ആർകോഡ്. കരാർ ലംഘിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി. അധിക ബിൽ ഈടാക്കുന്ന ആശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് അതോറിറ്റി വഴി നടപടി.