കേരളം

മെഡിക്കൽ കോഴക്കേസ്; സിഎസ്ഐ മുൻ മോഡറേറ്റർ ധർമ്മരാജ് റസാലത്തിനും ബെനറ്റ് എബ്രഹാമിനും കർണാടക പൊലീസിന്റെ നോട്ടീസ്

തിരുവനന്തപുരം : മെഡിക്കൽ കോഴക്കേസിൽ മുന്‍ ബിഷപ്പ് ധർമ്മരാജ് റസാലത്തിന് കർണാടക പൊലീസ് നോട്ടീസ് നൽകി. രാത്രി തിരുവനന്തപുരത്തെ ബിഷപ്പ് ഹൗസിൽ എത്തിയാണ് നോട്ടീസ് നൽകിയത്.

കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനും നേട്ടീസ് നൽകി. ബെനറ്റ് എബ്രഹാം ഒളിവിലാണെന്ന് കർണാടക പൊലീസ് അറിയിച്ചു. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്ന കേസിലാണ് സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക മുൻ മോഡറേറ്റർ ധർമ്മരാജ് റസാലത്തിനും കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനും കർണാടക പൊലീസ് നോട്ടീസ് നൽകിയത്.

കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസിൽ ഇ.ഡിയുടെ അന്വേഷണം തുടരവെയാണ് കർണാടക പൊലീസിന്റെ ഇടപെടൽ. കേസിൽ ബെനറ്റ് എബ്രഹാമിനെ അറസ്റ്റ് ചെയ്യാനായി കാരക്കോണത്ത് കർണാടക പൊലീസ് ഇന്നലെ രാത്രി മണിക്കൂറുകളോളം ക്യാമ്പ് ചെയ്തിരുന്നു. സഹായത്തിനായി കേരളത്തിൽ നിന്നുള്ള വെള്ളറട പൊലീസും എത്തിയിരുന്നു.

എന്നാൽ ബെനറ്റിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് തിരുവനന്തപുരം പാളയത്തുള്ള ബിഷപ്പ് ഹൗസിലെത്തി ധർമരാജ് റസാലത്തിനും ബെനറ്റ് എബ്രഹാമിനും നേരിട്ടല്ലാതെ നോട്ടീസ് നൽകുകയായിരുന്നു. ബെനറ്റ് എബ്രഹാം ഒളിവിലെന്ന് കർണാടക പൊലീസ് അറിയിച്ചത്.

മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കർണാടക സ്വദേശി സെബാസ്റ്റ്യൻ ഗഫൂറിൽ നിന്ന് ഏഴ് കോടി തട്ടിയെന്നാണ് ഇരുവർക്കുമെതിരായ കേസ്. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 28 പേരില്‍ നിന്നായി 7 കോടി 22 ലക്ഷത്തോളം രൂപ തട്ടിയെന്ന് ഇരുവർക്കുമെതിരെ നേരത്തെ ഇ.ഡി കണ്ടെത്തിയിരുന്നു. അഡ്വാന്‍സ് ഫീസ്, സംഭാവന, പലിശരഹിത വായ്പ എന്നീ പേരിലാണ് പണം വാങ്ങിയത്. പണം നല്‍കിയ പലര്‍ക്കും സീറ്റ് ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നതോടെ അടുത്തവണ സീറ്റ് ഉറപ്പെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് തുടര്‍ന്നു. നേരത്തെ റസാലത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദാക്കിയിരുന്നു. ഇത് കൂടാതെയാണ് ഇപ്പോൾ കർണാടക പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button